പഠനത്തിനും ജോലിക്കുമായി പോയവരും സ്ഥിരതാമസമാക്കിയവരും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ളത് മൂന്ന് കോടിയിലധികം ഇന്ത്യക്കാർ. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3.21 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലുള്ളത്. ഇതിൽ 1.34 കോടി ആളുകൾ പ്രവാസികളും 1.86 കോടി പേർ ഇന്ത്യൻ വംശജരുമാണ്.
ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ളത് യു.എ.ഇയിലാണ്. 34 ലക്ഷം. സൗദി അറേബ്യയിൽ 26 ലക്ഷം ഇന്ത്യക്കാരും യു.എസിൽ 12.8 ലക്ഷം ഇന്ത്യക്കാരുമാണുള്ളത്. ഏറ്റവുമധികം ഇന്ത്യൻ വംശജർ ഉള്ളത് യു.എസിൽ ആണ്. 31.8 ലക്ഷം പേർ. 27.60 ലക്ഷം പേരുമായി മലേഷ്യയും 20 ലക്ഷം ഇന്ത്യൻ വംശജരുമായി മ്യാൻമറും പിന്നാലെയുണ്ട്.
മികച്ച വിദ്യാഭ്യാസം, പ്രൊഫഷണൽ നേട്ടങ്ങൾ, സംരംഭകത്വം, മെച്ചപ്പെട്ട ജീവിത സാഹചര്യം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാണ് ഇന്ത്യക്കാരെ മറ്റ് രാജ്യങ്ങിലേക്ക് ആകർഷിക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നീ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത്. യു.എസ്, കാനഡ, യു.കെ, ജർമ്മനി, ഫ്രാൻസ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലും നിരവധി ഇന്ത്യക്കാർ താമസിക്കുന്നുണ്ട്.
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യയാണ്. 2022ൽ ഇന്ത്യയിലേക്കെത്തിയ പ്രവാസിപ്പണം എക്കാലത്തെയും ഉയർന്ന 9,000 കോടി ഡോളറിലെത്തിയിരുന്നു. ഇത് ജി.ഡി.പിയുടെ 6 ശതമാനത്തിലധികം വരും.