അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്‌സ്, സാംഘി സിമന്റിനെ (സാംഘി ഇൻഡസ്ട്രീസ് ലിമിറ്റഡ്- എസ്.ഐ.എൽ) ഏറ്റെടുത്തു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമാതാക്കളായ അംബുജ സിമന്റ്‌സ് 5,000 കോടി രൂപയ്ക്കാണ് സാംഘിയെ ഏറ്റെടുത്തത്. നിർമാണ മേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഏറ്റെടുക്കൽ. ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചതായി എക്സ് (ട്വിറ്റർ) ലൂടെയാണ് ഗൗതം അദാനി അറിയിച്ചത്. 2028 ആകുമ്പോഴേക്കും സിമന്റ് ഉത്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും അദാനി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വിലക്കുറവിൽ സിമന്റ് നിർമാണം നടത്തുന്ന സാംഘി ഇൻഡസ്ട്രീസിനെ അദാനി ഗ്രൂപ്പിനൊപ്പം ചേർക്കുന്നതിൽ സന്തോഷമുണ്ടെന്നും തങ്ങളുടെ കർമഭൂമിയായ കച്ചിൽ കടൽമാർഗമുള്ള കയറ്റുമതിക്ക് സാംഘി സിമന്റ് പ്രചോദനമേകുമെന്നും അദാനി ട്വീറ്റ് ചെയ്തു.
സ്വന്തമാക്കിയത് 56.74 %
സാംഘി ഇൻഡസ്ട്രീസുമായുള്ള കരാർ പ്രകാരം അംബുജ സിമന്റ്‌സ് സാംഘിയുടെ 56.74 ശതമാനം ഓഹരികൾ സ്വന്തമാക്കി. ഒരു ഓഹരിക്ക് 114.22 രൂപ വീതമാകും ഏറ്റെടുക്കൽ. പുതിയ ഏറ്റെടുക്കലും ചേർത്ത് സിമന്റ് മേഖലയിൽ മൂന്നാമത്തെ വലിയ നിക്ഷേപമുറപ്പിക്കുകയാണ് അദാനി ഗ്രൂപ്പ്.
2022 ലാണ് അംബുജ സിമന്റ്‌സ്, എ.സി.സി സിമന്റ്‌സ് എന്നിവയെ ഗ്രൂപ്പ് ഏറ്റെടുത്തത്. നിലവിൽ എസ്.ഐ.എൽ 6.1 മില്യൺ ടൺ സിമന്റ് ഉൽപാദിപ്പിക്കുന്നുണ്ട്. ഒരു ബില്യൺ ലൈംസ്റ്റോൺ ശേഖരവും കമ്പനിക്കുണ്ട്. ഏറ്റെടുക്കൽ നടക്കുന്നതോടെ അംബുജ സിമന്റിന്റെ വാർഷിക ഉത്പാദനം 73.6 മില്യൻ ആയി ഉയരും. 2028 ഓടെ 140 മില്യൺ ടൺ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.
ഓഹരി കുതിച്ചു
സാംഘി ഇൻഡസ്ട്രീസിന്റെ പ്രൊമോട്ടർമാരായ രവി സാംഘിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള ഓഹരികൾ ഏറ്റെടുത്തത്. ഇതോടൊപ്പം കൂടുതൽ ഓഹരികൾ വാങ്ങുതിന് ഓപ്പൺ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്ത പുറത്തു വന്നതോടെ സാംഘി ഓഹരികൾ ഇന്നലെ അഞ്ചു ശതമാനം ഉയർന്ന് 105.4 രൂപയിലെത്തി.
അംബുജ സിമന്റ്സ് ഓഹരിയിലും പുതിയ കരാറിന്റെ ഫലമായി കുതിപ്പുണ്ടായി. ഇന്നലെ 2.61 ശതമാനം ഉയർച്ചയോടെ 472.95 രൂപയിലെത്തി.
സൗത്ത് ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ വേഗത്തിൽ സിമന്റ് എത്തിക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്. തീരദേശ പാതയ്ക്ക് സമീപമുള്ള സാംഘി സിമിന്റ് ഫാക്ടറിയിൽ നിന്നും മുംബൈയിലേക്കും കർണാടകയിലേക്കും കേരളത്തിലേക്കും സിമിന്റുകൾ വേഗത്തിൽ എത്തിക്കാമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.