ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണം. കല്‍ക്കരി ഇറക്കുമതി വില പെരുപ്പിച്ച് കാണിച്ച് ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കിയെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. 2019 ജനുവരി മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 30 തവണയായി കല്‍ക്കരി ഇറക്കുമതി ചെയ്തതിന് 73 മില്യണ്‍ ഡോളര്‍ (ഏകദേശം 607 കോടി ) അധികമായി കാണിച്ചെന്നാണ് കണ്ടെത്തല്‍. ഇന്‍ഡോനേഷ്യന്‍ തീരത്തു നിന്ന് കയറ്റുമതി ചെയ്യുമ്പോള്‍ 139 മില്യണ്‍ ഡോളറായിരുന്നു കല്‍ക്കരിയുടെ വില. എന്നാൽ ഇന്ത്യന്‍ തീരത്തെത്തിയപ്പോള്‍ വില 215 മില്യണ്‍ ഡോളറായി. 52 ശതമാനം വില വർദ്ധിപ്പിച്ചു. അതേസമയം ബില്ലില്‍ വില ഉയര്‍ത്തി കാണിച്ചതിലൂടെ ലഭിച്ച നേട്ടം അദാനി ഗ്രൂപ്പിലേക്കല്ല, ഗ്രൂപ്പിന്റെ രഹസ്യ ഓഹരിയുടമകളായ കമ്പനികളിലേക്കാണ് പോയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
എന്നാൽ അദാനി ഗ്രൂപ്പ് ആരോപണങ്ങൾ നിഷേധിച്ചു. ചില വിദേശ സ്ഥാപനങ്ങൾ തങ്ങളുടെ വിപണി മൂല്യം താഴ്ത്താനും കമ്പനിയുടെ പ്രതിച്ഛായ തകർക്കാനും പഴയതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ വീണ്ടും ഉന്നയിച്ച് ആസൂത്രിത ആക്രമണങ്ങൾ തുടരുകയാണെന്നാണ് ഗ്രൂപ്പിന്റെ പ്രതികരണം.
ആരോപണങ്ങൾക്ക് പിന്നാലെ ഇൻട്രാഡേ ട്രേഡിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. മുൻനിരയിലുള്ള അദാനി എന്റർപ്രൈസസിനാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. അദാനി എന്റർപ്രൈസസ് ഓഹരികൾ 2.73 ശതമാനം ഇടിഞ്ഞപ്പോൾ അദാനി വിൽമറിനും അദാനി ഗ്രീനിനും ഒരു ശതമാനം വീതം നഷ്ടമുണ്ടായി. അതേസമയം, അദാനി എനർജിയും അദാനി പോർട്ട്‌സും 0.5% വീതം ഇടിവ് രേഖപ്പെടുത്തി.