ഗുജറാത്തിൽ 2 ലക്ഷം കോടി രൂപയിലധികം നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി. വൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് ഗുജറാത്തിൽ നടത്തുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിലായിരുന്നു പ്രഖ്യാപനം.
നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സമ്മിറ്റിൽ സംസാരിക്കവെ ഗൗതം അദാനി പറഞ്ഞു. അദാനി ഗ്രൂപ്പ് കഴിഞ്ഞ ഉച്ചകോടിയിൽ വാഗ്ദാനം ചെയ്ത 55,000 കോടിയിൽ, 50,000 കോടി ഇതിനകം ചെലവഴിച്ചതായും അദാനി പറഞ്ഞു. ബഹിരാകാശത്ത് നിന്ന് പോലും കാണാൻ കഴിയുന്ന ഒരു ഗ്രീൻ എനർജി പാർക്ക് നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ടെന്നും അദാനി കൂട്ടിച്ചേർത്തു.
അതേസമയം, ഗുജറാത്തിലെ ഹസാരിയയിൽ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ഫൈബർ ഫെസിലിറ്റി തുടങ്ങുമെന്ന് മുകേഷ് അംബാനിയും പ്രഖ്യാപിച്ചു. ഗുജറാത്തിൽ 3200 കോടി രൂപയുടെ അധികനിക്ഷേപം നടത്തുമെന്ന് സുസുക്കി ഗ്രൂപ്പും അറിയിച്ചിട്ടുണ്ട്.