ഡോളറും രൂപയും പിന്നിൽ:ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കറൻസി താലിബാന്റേത്

0
493

കഴിഞ്ഞ പാദത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യ വളര്‍ച്ച നേടിയ കറന്‍സിയായി അഫ്ഗാനിസ്ഥാന്റെ അഫ്ഗാനി. ബ്ലൂബെര്‍ഗ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് അഫ്ഗാനി. ഏകദേശം 9 ശതമാനം വളർച്ചയാണ് കഴിഞ്ഞ പാദത്തിൽ അഫ്ഗാനി കൈവരിച്ചത്. പല രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക സഹായവും അയല്‍ രാജ്യങ്ങളുമായുളള്ള വ്യാപാരം വര്‍ധിച്ചതുമാണ്‌ അഫ്ഗാനിസ്ഥാന് തുണയായത്.

രണ്ട് വര്‍ഷം മുമ്പ് രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്ത താലിബാന്‍ അഫ്ഗാനിസ്ഥാനെ ശക്തിപ്പെടുത്താൻ നിരവധി നടപടികളാണ് സ്വീകരിച്ചത്. പ്രാദേശിക ഇടപാടുകള്‍ക്ക് ഡോളറും പാകിസ്ഥാന്‍ രൂപയും ഉപയോഗിക്കുന്നത് നിരോധിക്കുകയും, രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു. കൂടാതെ ഓണ്‍ലൈന്‍ വ്യാപാരം നിയമവിരുദ്ധമാക്കുകയും നിയമങ്ങള്‍ ലംഘിക്കുന്നവരെ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരം കര്‍ശന കറന്‍സി നിയന്ത്രണങ്ങളും പണമൊഴുക്കുമാണ് അഫ്ഗാന്‍ കറന്‍സിയുടെ ഉയർച്ചയ്ക്ക് കാരണം. രണ്ടാംസ്ഥാനത്തുള്ള കൊളംബിയന്‍ പെസോയുടെ വളര്‍ച്ച ഇക്കാലയളവില്‍ മൂന്ന് ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അഫ്ഗാനി 14 ശതമാനമാണ് ഉയര്‍ന്നത്.

ഈ വികസനം ഉണ്ടായിട്ടും ദാരിദ്ര്യത്താല്‍ വലയുന്ന, ലോകത്തിലെ തന്നെ ഏറ്റവും മോശം മനുഷ്യാവകാശ റെക്കോഡുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് അഫ്ഗാനിസ്ഥാൻ വലിയ തോതിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ മൂന്നിൽ രണ്ട് കുടുംബങ്ങളും പാടുപെടുന്ന, ഉയർന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം ജനങ്ങൾ വലയുന്ന ദാരുണമായ സാഹചര്യമാണ് അഫ്ഗാനിസ്ഥാനിലേതെന്നാണ് ലോകബാങ്ക് റിപ്പോർട്ട്.