പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് ഇനി ഏകീകൃത സോഫ്റ്റ്‌വെയർ

0
547

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കാൻ തീരുമാനം. കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ കൂടി എത്തുന്നത് കർഷകർക്കും ഇടപാടുകാർക്കും കൂടുതൽ ഗുണകരമാകും. പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പെക്‌സ് ബാങ്കായ കേരള ബാങ്കുമായി ഓൺലൈൻ ഇടപാടുകൾക്കും നിരന്തര ബന്ധത്തിനും സൗകര്യപ്രദമാകുന്ന വിധത്തിലാകും ഏകീകൃത സോഫ്റ്റ്‌വെയർ സജ്ജീകരിക്കുക. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കാൻ അംഗീകാരം നൽകിയത്.

സഹകരണമേഖല കൂടുതൽ ജനസൗഹൃദപരവും ആധുനികവും ആകുന്നതിന്റെ ഭാഗമായാണ് ഏകീകൃത സോഫ്റ്റ്‌വെയർ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും ഏർപ്പെടുത്തുന്നത്. വായ്പകൾക്ക് പുറമേ, വ്യാപാര, കാർഷിക അനുബന്ധ, സേവന മേഖലകളിലും ഉള്ള പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ ഇടപെടലും ഇതോടെ കൂടുതൽ സുഗമമാകും.