ഇടുക്കി ജില്ലയിലെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് തുടക്കമായി. സെന്‍സസിന്റെ ഭാഗമായ വിവരശേഖരണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്തിലെ ഇടുക്കി കോളനി ഗാന്ധിനഗറിലെ ലൂസി ജോണ്‍ തോരണവിളയിലിന്റെ വീട്ടിലാണ് ആദ്യ വിവരശേഖരണ ചടങ്ങ് സംഘടിപ്പിച്ചത്.
കാര്‍ഷിക പദ്ധതികള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ആവശ്യമായ കൃത്യതയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന ഈ സെന്‍സസ് സഹായകരമാണെന്ന് മന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ജില്ലയിലെ 861 വാര്‍ഡുകളിലും സര്‍വേ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണം. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് മൂന്ന് ഘട്ടമായി നടത്തുന്ന ഈ വലിയ വിവരശേഖരണം കാര്‍ഷിക രംഗത്തെ മുന്നേറ്റത്തിന് നിമിത്തമാവട്ടെ എന്നും മന്ത്രി പറഞ്ഞു.
സര്‍വെക്കായി താല്‍കാലികമായി തെരഞ്ഞെടുത്ത എന്യൂമറേറ്റര്‍മാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം മന്ത്രി റോഷി അഗസ്റ്റിനും എന്യുമറേറ്റര്‍ അനുഷ ബാബുവും ചേര്‍ന്ന് ലൂസി ജോണ്‍ തോരണവിളയിലിന്റെ വീട്ടിലെ വിവരണ ശേഖരണം നടത്തി.
ലോക വ്യാപകമായി സംഘടിപ്പിച്ചു വരുന്ന കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 1970-71 മുതല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ തുടര്‍ച്ചയായി സെന്‍സസ് നടത്തിവരുന്നുണ്ട്.
ജില്ലയിലെ 54 തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലായി ആകെയുള്ള 861 വാര്‍ഡുകളിലെ ഭൂമി, കാര്‍ഷിക സംബന്ധമായ വിവരങ്ങളാണ് സര്‍വെയില്‍ ശേഖരിക്കുന്നത്.