ആഗോള ചിപ് കമ്പനിയായ എൻവിഡിയയുമായി പങ്കാളിത്ത കരാർ ഒപ്പുവെച്ച് റിലയൻസ് ഇൻഡസട്രീസും ടാറ്റയും. ഇന്ത്യയിലെ എഐ മേഖലയിൽ വിപ്ലവകരമായ വളർച്ചയ്ക്കു വഴിയൊരുക്കുന്നതാണ് കരാർ. റിലയന്‍സിന്റെ കഴിഞ്ഞ വാർഷിക ജനറൽ മീറ്റിങ്ങിൽ നിര്‍മിത ബുദ്ധി കേന്ദ്രീകൃത പദ്ധതികളില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ച് മുകേഷ് അംബാനി പ്രസ്താവന ഇറക്കിയിരുന്നു. എഐ രാജ്യത്തെ ഓരോ സാധാരണക്കാരിലേക്കുമെത്തിക്കുകയാണ് റിലയൻസിന്റെ അടുത്ത ലക്ഷ്യമെന്നാണ് അദ്ദേഹം പറഞ്ഞത്.
ചാറ്റ്ജിപിടി ആരംഭിച്ച ജനറേറ്റീവ് എ.ഐ വിപ്ലവത്തിന് ചിപ്പുകള്‍ നല്‍കിയ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ആറാമത്തെ കമ്പനിയാണ് അമേരിക്ക ആസ്ഥാനമായ എന്‍വിഡിയ. നിർമിതബുദ്ധി സാങ്കേതികവിദ്യയിൽ രാജ്യത്ത് മികച്ച അടിസ്ഥാനസൗകര്യമൊരുക്കുകയാണ് കമ്പനികളുമായുള്ള പങ്കാളിത്തത്തിന്റെ ലക്ഷ്യം. റിലയൻസുമായി ചേർന്ന് എൻവിഡിയ ഇന്ത്യയുടെ സ്വന്തം എഐ ഭാഷാ മോഡലും ജനറേറ്റീവ് എഐ ആപ്പുകളും നിർമിക്കും.
തദ്ദേശീയ ഭാഷകളിൽ എഐ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇരുകമ്പനികളും ചേർന്നു പ്രവർത്തിക്കും. ഇന്ത്യന്‍ കമ്പനികള്‍ക്ക് എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുകയാണ് ടാറ്റയുമായി ചേര്‍ന്നു ചെയ്യുകയെന്നും എന്‍വിഡിയ വ്യക്തമാക്കി. എഐ മേഖലയിൽ രാജ്യത്തു വലിയ മാറ്റം കൊണ്ടുവരാൻ കരാറുകൾക്കു കഴിയും.