പാസ്‌പോര്‍ട്ടില്ലാതെ ദുബായില്‍ നിന്ന് പറക്കാം:മുഖവും വിരലടയാളവും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കും

0
250

പാസ്‌പോര്‍ട്ടില്ലാതെ യാത്രചെയ്യാനുള്ള സംവിധാനം ഒരുക്കാന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ഇതിനായി ഈ വര്‍ഷം അവസാനത്തോടെ ബയോമെട്രിക്സ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഏര്‍പ്പെടുത്തും. മുഖവും വിരലടയാളവും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന രീതിയാണിത്. ദുബായ് എയര്‍പോര്‍ട്ടിന്റെ ടെര്‍മിനൽ 3 വഴി യാത്രചെയ്യുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ആദ്യം ലഭ്യമാവുക. സ്‌മാർട്ട് ഗേറ്റ് സംവിധാനത്തിലൂടെ വർഷാവസാനത്തോടെ സൗകര്യം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

നവംബറിൽ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 3ൽ പുതിയ സൗകര്യം ആരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. സുഗമവും തടസ്സരഹിതവുമായ യാത്ര സാധ്യമാക്കുന്നതിന് ഇലക്ട്രോണിക് ഗേറ്റുകൾക്ക് പകരം സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കും.

യാത്രക്കാരുടെ വിവരങ്ങൾ ഇതിനകം ലഭ്യമായതിനാൽ, ഓരോ വിമാനത്താവളത്തിലും എത്തുന്നതിന് മുമ്പുതന്നെ അവരുടെ പ്രൊഫൈലിംഗ് നടത്താവുന്നതാണ്. യാത്ര സുഗമമാക്കുന്നതിന് ബിഗ് ഡാറ്റ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തും. വിമാനയാത്രക്കാരുടെ മുഴുവൻ വിശദാംശങ്ങളും കൈമാറാൻ ലോകമെമ്പാടുമുള്ള വിവിധ വിമാനത്താവളങ്ങൾ സമ്മതിക്കുകയാണെങ്കിൽ, എമിഗ്രേഷൻ പോലുള്ള ദൈർഘ്യമേറിയ പ്രക്രിയകൾ ഭാവിയിൽ വേഗത്തിൽ പൂർത്തിയാക്കാനാകും.