ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. വിവിധ ഡിവിഷനുകളിലായി 1,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. പേടിഎമ്മിലെ തൊഴിലാളികളിൽ കുറവ് വന്നിട്ടുണ്ടെന്ന് പേടിഎം വക്താവ് അറിയിച്ചു. ഓപ്പറേഷൻസ് ആന്റ് മാർക്കറ്റിംഗ് ടീമിലെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്.
ഒക്ടോബറിൽ തന്നെ പേടിഎം പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചിരുന്നു. ആവർത്തിച്ചുള്ള ജോലികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വക്താവ് അറിയിച്ചു. കാര്യക്ഷമത വർധിപ്പിക്കാനും ചെലവ് ചുരുക്കാനും എഐ സാങ്കേതിക വിദ്യ സഹായകമാകും. എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ ജീവനക്കാരുടെ ചെലവിൽ 10-15 ശതമാനം ലാഭിക്കാൻ കമ്പനിക്ക് സാധിക്കുമെന്നും വക്താവ് പറഞ്ഞു. എന്നാൽ വരും വർഷത്തിൽ പേയ്‌മെന്റ് ബിസിനസിൽ 15,000 പേരെ ജോലിക്കെടുക്കുമെന്നും കമ്പനി അറിയിച്ചു.