നിർമ്മിതബുദ്ധി ഉപയോഗിച്ച് ഫാക്ടറികളിലെ അപകടം കുറയ്ക്കാൻ സഹായിക്കുന്ന ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന പേർളിബ്രൂക് ലാബ്സ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. അമേരിക്കൻ മലയാളി സ്റ്റാർട്ടപ്പ് സംരംഭമായ പേർളിബ്രൂക് ലാബ്‌സിന്റെ മാനുഫാക്ചറിങ്ങ് യൂണിറ്റ് കൊച്ചി തമ്മനത്ത് വ്യവസായ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു. നിലവിൽ ഫ്രാൻസിലും അമേരിക്കയിലും ചിലിയിലും യു.എ.ഇയിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.
നിർമ്മാണ ശാലകളിൽ നടക്കാൻ സാധ്യതയുള്ള അപകടങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വീഡിയൊ ക്യാമറയിൽ നിന്ന് മനസ്സിലാക്കി ആ അപകടങ്ങൾ തടയുന്ന ‘ഫ്ലാഗ് മാൻ’ എന്ന ഉത്പ്പന്നമാണ് ഇപ്പോൾ പേർളിബ്രൂക് ലാബ്‌സ് നിർമ്മിക്കുന്നത്. നിലവിൽ 20ഓളം അപകട സാധ്യതകൾ വിശകലനം ചെയ്യാനും തടയാനും ഫ്ലാഗ് മാനെ ഉപയോഗിക്കാൻ കഴിയും. ഇതിൽ ഏറ്റവും പ്രധാനം ഫോർക്ക് ലിഫ്റ്റുകളുടെ ഉപയോഗം അപകടരഹിതമാക്കുന്നതാണ്. ഫോർക്ക് ലിഫ്റ്റുകളുടെ ബ്ലൈൻഡ് സ്പോട്ട് (blind spot) കളിൽ മനുഷ്യരുടെ സാന്നിദ്ധ്യം മനസ്സിലാക്കി അവയുടെ പ്രവർത്തനം നിയന്ത്രിക്കാൻ സാധിക്കും. ഒപ്പം തന്നെ ക്രെയിനുകളുടെ ചുവട്ടിലും, റീച്ച് ട്രക്കുകളുടെ പിന്നിലുമുള്ള മനുഷ്യസാന്നിദ്ധ്യം ഓപ്പറേറ്ററെ അറിയിക്കാനും ഫ്ലാഗ്മാൻ സഹായിക്കും. ഇതിനു പുറമെ ഫാക്ടറി ഫ്ലോറിലെ മെഷീൻ ഗാർഡിങ്, PPE എൻഫോഴ്സ്മെന്റ്, LOTO ഗേയിറ്റുകൾ, തീയും പുകയും കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾക്കും ഫ്ലാഗ് മാനെ ഉപയോഗിക്കാം.
അമേരിക്കൻ മലയാളിയായ രഞ്ജിത്ത് ആന്റണിയുടെ നേതൃത്വത്തിലുള്ള പേർളിബ്രൂക്സിന് ഫോർച്യൂൺ-500 കമ്പനികളടക്കം 75ലധികം ക്ലൈന്റുകളുണ്ട്. ഇന്ത്യയിലെ തന്നെ പല മുൻനിര കമ്പനികളും ഇപ്പോൾ ഇവരുടെ സഹായം തേടുന്നുണ്ട്. ഫ്ലാഗ് മാൻ നിർമ്മിക്കുന്നതിനാവശ്യമായ 90% അസംസ്കൃത വസ്തുക്കളും കേരളത്തിൽ നിന്ന് തന്നെയാണ് സംഭരിക്കുന്നത് എന്നതിനാൽ കൂടുതൽ എം.എസ്.എം.ഇകളുടെ വളർച്ചയ്ക്കും കമ്പനി സഹായകമാകും.