ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. എയിംസിലെ സെര്‍വറുകള്‍ തകരാറിലായിട്ട് ആറ് ദിവസം പിന്നിട്ടിട്ടും പഴയപടിയാക്കാന്‍ സാധിക്കാതെ അധികൃതര്‍. സെര്‍വര്‍ ആക്രമിച്ച ഹാക്കര്‍മാര്‍ 200 കോടി രൂപ മൂല്യം വരുന്ന ക്രിപ്‌റ്റോ കറന്‍സിയാണ് ഇത് പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്ന് കോടി ജനങ്ങളുടെ മെഡിക്കല്‍ രേഖകളാണ് ഹാക്കര്‍മാരുടെ ആക്രമണത്തോടെ അപകടത്തിലായിരിക്കുന്നത്. സെര്‍വെറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ നിലവില്‍ ലാബുകള്‍, അത്യാഹിത വിഭാഗം, തുടങ്ങിയവയെല്ലാം പൂര്‍ണമായും മാന്വല്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയിലെ കംപ്യൂട്ടറുകളിലേക്കുള്ള ഇന്റര്‍നെറ്റും വിച്ഛേദിച്ചു. മുന്‍ പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍, ജഡ്ജിമാര്‍, ബ്യൂറോക്രാറ്റുകള്‍, തുടങ്ങി തന്ത്രപ്രധാന സ്ഥാനങ്ങളിലുള്ള വിഐപിമാരായ നിരവധി പേരുടെ ആരോഗ്യ വിവരങ്ങളാണ് എയിംസില്‍ ഉള്ളത്. ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണ്.