പേയ്‌ടിഎമ്മിന്റെ തളർച്ചയിൽ നേട്ടം കൊയ്ത് എയർടെൽ പേയ്മെൻ്റ്സ് ബാങ്ക്

0
109

പേയ്‌ടിഎം പേയ്മെൻ്റ്സ് ബാങ്കിനോട് ഫെബ്രുവരി 29ന് ശേഷം ഫാസ്ടാഗ് അക്കൗണ്ടുകളിൽ പുതിയ നിക്ഷേപങ്ങളും ക്രെഡിറ്റുകളും ടോപ്പ്-അപ്പുകളും നൽകുന്നത് നിർത്താൻ റിസർവ് ബാങ്ക് നിർദേശിച്ചതോടെ എയർടെൽ പേയ്മെന്റ്സ് ബാങ്കിലേക്ക് പുതിയ ഉപയോക്താക്കളുടെ കുത്തൊഴുക്ക്. ബാങ്ക് അക്കൗണ്ട് ഓപ്പണിംഗും, ഫാസ്‌ടാഗും ഉൾപ്പെടെ വിവിധ സേവനങ്ങൾക്കായി ഓൺലൈനായി അപേക്ഷിക്കുന്ന പുതിയ ഉപഭോക്താക്കളിൽ ഗണ്യമായ വർധനയുണ്ടായതായി എയർടെൽ പേയ്മെൻ്റ്സ് ബാങ്ക് പറഞ്ഞു. എയർടെൽ പേയ്മെൻ്റ്സ് ബാങ്കിലെത്തുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഓരോന്നിനും അഞ്ചിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്.

ജനുവരി 31നാണ് പേയ്‌ടിഎം പേയ്മെൻ്റ്സ് ബാങ്കിനെതിരെ റിസർവ് ബാങ്ക് നടപടിയെടുത്തത്. വ്യാപാരികളുടെയും മറ്റ് ഉപയോക്താക്കളുടേയും ആശങ്കകൾ കണക്കിലെടുത്ത് ഫെബ്രുവരി 29 എന്ന സമയപരിധി മാർച്ച് 31 വരെ നീട്ടി നൽകിയിട്ടുണ്ട്.

ഡിസംബർ 31 വരെ എയർടെൽ പേയ്മെൻ്റ്സ് ബാങ്കിൻ്റെ മൊത്തത്തിലുള്ള നിക്ഷേപം 50 ശതമാനം വർധിച്ച് 2,339 കോടി രൂപയായി. മൂന്നാം പാദത്തിൽ പ്രതിമാസ ഇടപാട് നടത്തുന്ന ഉപയോക്താക്കളുടെ എണ്ണം 5.9 കോടിയായി. എയർടെൽ പേയ്മെന്റ്സ് ബാങ്കിന് നിലവിൽ രാജ്യത്തുടനീളം ഏകദേശം അഞ്ച് ലക്ഷം ടച്ച് പോയിന്റുകളുണ്ട്. ഇതിൽ നാല് ലക്ഷത്തിലധികം സജീവമാണ്.