നടിയും സംരംഭകയുമായ ആലിയ ഭട്ടിന്റെ എഡ്-എ-മമ്മ (Ed-a-mamma) ബ്രാന്‍ഡിന്റെ 51% ഓഹരികൾ ഏറ്റെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ൽ ബ്രാൻഡായ റിലയന്‍സ് റീട്ടെയിൽ വെഞ്ച്വേഴ്‌സ്. 2020 ലാണ് ബോളിവുഡ് താരം ആലിയ ഭട്ട് കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡായ എഡ്-എ-മമ്മ ആരംഭിച്ചത്. കരാര്‍ തുക എത്ര എന്ന് പുറത്ത് വിട്ടിട്ടില്ല. റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡിൽ കഴിഞ്ഞ മാസം നിയമിതയായ അംബാനിയുടെ മകൾ ഇഷ അംബാനിയാണ് റീട്ടെയിൽ ബിസിനസ്സിന് നേതൃത്വം നൽകുന്നത്. ഇഷയുടെ ഈ പുതിയ ഏറ്റെടുക്കലോടെ രാജ്യത്തെ വന്‍കിട കിഡ്‌സ് ബ്രാന്‍ഡുകളായ ഫസ്റ്റ് ക്രൈ ഉള്‍പ്പെടെയുള്ളവയുമായി ഇനി മത്സരം കടുക്കും.
ആലിയ ഭട്ടിന് ഒരു മകളും, ഇഷ അംബാനിക്ക് ഇരട്ടക്കുട്ടികളുമാണുള്ളത്. ഈ സഖ്യം സംരംഭകര്‍ എന്നതിനപ്പുറം അമ്മമാര്‍ എന്ന നിലയില്‍ ഏറെ സന്തോഷം നൽകുന്നതാണെന്ന് ഇരുവരും പ്രതികരിച്ചു. എഡ്-എ-മമ്മയുടെ സ്വന്തം വെബ്‌സ്റ്റോര്‍ കൂടാതെ ഫസ്റ്റ് ക്രൈ (FirstCry), അജിയോ (AJIO), മിന്ത്ര (Myntra), ആമസോണ്‍ (Amazon), ടാറ്റ ക്ലിക് (Tata cliq) തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും കമ്പനിയുടെ വസ്ത്രങ്ങള്‍ ലഭ്യമാണ്.
പലചരക്ക് സാധനങ്ങൾ മുതൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വരെ എല്ലാം വിൽക്കുന്ന റിലയൻസ് റീട്ടെയിലിന് 18,000-ത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉണ്ട്. വസ്ത്രരംഗത്ത്, ഫാഷൻ ലേബലുകളായ റിതു കുമാർ, മനീഷ് മൽഹോത്ര തുടങ്ങിയ ആഭ്യന്തര ബ്രാൻഡുകളുമായും അർമാനി, മാർക്ക്സ് & സ്പെൻസർ തുടങ്ങിയ വിദേശ ബ്രാൻഡുകളുമായും റിലയൻസിന് ടൈ-അപ്പ് ഉണ്ട്.