കൊച്ചിയിൽ നിന്ന് നിരവധി ചെറിയ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ അലയൻസ് എയർ. ഈ മാസം അവസാനത്തോടെ കൊച്ചി വിമാനത്താവളത്തിൽ (CIAL) നിന്ന് കണ്ണൂർ, മൈസൂർ, തിരുച്ചിറപ്പള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് പൊതുമേഖലാ വിമാനക്കമ്പനിയായ അലയൻസ് എയർ സർവീസുകൾ ആരംഭിക്കും.
ഇതിനായി അലയൻസ് എയറിന്റെ എടിആർ വിമാനം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിന് സിയാൽ സൗകര്യമൊരുക്കി. പുലർച്ചെയും രാത്രി വൈകിയുമുള്ള സർവീസുകളാകും സിയാലുമായി സഹകരിച്ച് അലയൻസ് എയർ നടത്തുക.
നിലവിൽ അലയൻസ് എയർ കൊച്ചിയിൽ നിന്ന് അഗത്തി, സേലം, ബെംഗളൂരു സർവീസുകൾ നടത്തുന്നുണ്ട്. പ്രാദേശിക വിമാന സർവീസുകൾ വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നതെന്ന് സിയാൽ എംഡി എസ്.സുഹാസ് പറഞ്ഞു.