2000 രൂപ നോട്ടുകൾ ഓര്‍മ്മയാകുന്നു. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 97.62 ശതമാനം നോട്ടുകളും റിസര്‍വ് ബാങ്കിൽ തിരിച്ചെത്തിയെന്ന് ആർബിഐ അറിയിച്ചു. വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിൻ്റെ നോട്ടുകളിൽ ഇനി തിരിച്ചെത്താനുള്ളത് 8,470 കോടിയുടെ നോട്ടുകൾ മാത്രമാണ്. അതേസമയം നിലവിൽ വിനിമയത്തിലുള്ള രണ്ടായിരം രൂപ നോട്ടുകളുടെ നിയമ പ്രാബല്യം തുടരും. കഴിഞ്ഞ മെയ് 19 നാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്. റിസർവ് ബാങ്കിന്റെ ക്ലീൻ നോട്ട് പോളിസി പ്രകാരമായിരുന്നു തീരുമാനം.
നോട്ടു നിരോധനത്തെ തുടർന്നാണ് രാജ്യത്തെ ഏറ്റവും വലിയ കറൻസിയായി 2000 രൂപ നോട്ട് വിനിമയത്തിൽ വന്നത്. അന്ന് വിനിമയത്തിലുണ്ടായിരുന്ന 500 ന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ച ശേഷമായിരുന്നു 2000 രൂപ നോട്ട് അവതരിപ്പിച്ചത്. എന്നാൽ ചില്ലറ മാറ്റിക്കിട്ടുന്നതിൽ വലിയ പ്രതിസന്ധി ഉണ്ടായി. 500, 200 രൂപയുടെ നോട്ടുകൾ വ്യാപകമായതോടെയാണ് ഈ പ്രശ്നം പരിഹരിച്ചത്. പതിയെ 2000 രൂപ നോട്ടിനോട് റിസർവ് ബാങ്കിനും കേന്ദ്ര സർക്കാറിനും താത്പര്യം കുറഞ്ഞു. ഇതിനിടെ 2000 നോട്ടിന്റെ വ്യാജ പതിപ്പ് പലയിടത്ത് നിന്നും പിടികൂടി. പിന്നാലെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് നടപടി തുടങ്ങി. പുതിയ നോട്ടുകൾ അച്ചടിക്കുന്നത് ഘട്ടംഘട്ടമായി നിർത്തിയാണ് റിസർവ് ബാങ്ക് ഒടുവിൽ പൂർണമായ പിൻവലിക്കലിലേക്ക് എത്തിയത്.