ഡെലിവറികൾ വേഗത്തിലാക്കുന്നതിനും രാജ്യത്തെ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ റെയിൽവേയുമായും തപാൽ വകുപ്പുമായും പങ്കാളിത്തം പ്രഖ്യാപിച്ച് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. ആമസോൺ സംഭവ് ഉച്ചകോടി 2023-ൽ ആമസോൺ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അമിത് അഗർവാളാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ റെയിൽവേയുമായുള്ള പങ്കാളിത്തത്തോടെ കമ്പനിക്ക് ഇന്ത്യയിൽ ഡെലിവറി വേഗത്തിലാക്കാൻ ചരക്ക് ഇടനാഴികൾ(ഫ്രൈറ്റ് കോറിഡോർ) ഉപയോഗിക്കാൻ കഴിയും. ഈ പങ്കാളിത്തം കോടിക്കണക്കിന് ഡോളറിന്റെ കയറ്റുമതിയും സാധ്യമാക്കും.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെയും, കരകൗശല തൊഴിലാളികളെയും അവരുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടും എത്തിക്കാൻ ഇന്ത്യ പോസ്റ്റ് സഹായിക്കുമെന്ന് തപാൽ വകുപ്പ് സെക്രട്ടറിയും പോസ്റ്റൽ സർവീസ് ബോർഡ് ചെയർപേഴ്സനുമായ വിനീത് പാണ്ഡെ പറഞ്ഞു. ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ താൽപ്പര്യമുള്ള ചെറുകിട വിൽപ്പനക്കാർക്ക് അന്താരാഷ്ട്ര പേയ്‌മെന്റുകൾ, കസ്റ്റംസ് ക്ലിയറൻസ്, ലോജിസ്റ്റിക്‌സ് സപ്പോർട്ട് മുതലായവ സുഗമമാക്കുകയും ലളിതമാക്കുകയും ചെയ്യുന്നതാണ് ധാരണാപത്രം.
തപാൽ വകുപ്പിന് പുറമെ, ആമസോൺ തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിനും വിദൂര വിൽപ്പനക്കാരിലേക്ക് എത്തുന്നതിനും ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഇടനാഴികൾ പ്രയോജനപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. ചരക്ക് ഇടനാഴികൾ പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ ഇന്ത്യൻ ഇ-കൊമേഴ്‌സ് കമ്പനിയാണ് ആമസോൺ. ഈ വർഷമാദ്യം ആമസോൺ സിഇഒ ആൻഡി ജാസിയും ആമസോൺ ഇന്ത്യ സിഇഒ അമിത് അഗർവാളും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.