സ്പേസ് എക്സുമായി (SpaceX) കൈകോർക്കാൻ ആമസോൺ (Amazon). ഇലോൺ മസ്കിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ പ്രൊജക്ട് കുയ്പര്‍ ഉപഗ്രഹ നെറ്റ്‌വര്‍ക്കിന് വേണ്ടിയുള്ള മൂന്ന് സാറ്റ്ലൈറ്റുകൾ വിക്ഷേപിക്കാനാണ് എതിരാളികളായ സ്പേസ് എക്സുമായി ആമസോൺ കൈകോർക്കുന്നത്. ഇതിലൂടെ ആമസോണിന് ബഹിരാകാശത്ത് നിന്ന് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനുള്ള ശേഷി വർധിപ്പിക്കാൻ പറ്റും.
ലോ എർത്ത് ഓർബിറ്റിലേക്ക് 3236 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് കുയ്‌പർ ഉപഗ്രഹ ശൃംഖല വിന്യസിക്കാനാണ് ആമസോണിന്റെ പദ്ധതി. സ്പേസ് എക്സിന്റെ സ്റ്റാർലിങ്കിനെ പോലെ ഉപഗ്രഹ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള പദ്ധതിയാണ് ആമസോണിന്റെ പ്രൊജക്ട് കുയ്‌പർ.
2025ൽ ഫാൽക്കൺ 9 ആമസോണിന്റെ സാറ്റ്ലൈറ്റുകൾ വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് കുതിക്കും. നിലവിൽ ലോ എർത്ത് ഓർബിറ്റിൽ നിന്ന് 5,000 ഉപഗ്രങ്ങൾക്ക് സ്പേസ് എക്സിന്റെ സാറ്റ്ലൈറ്റ് കോൺസ്റ്റലേഷനായ സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നുണ്ട്. തങ്ങളുടെ എതിരാളികളുടെ സാറ്റ്ലൈറ്റുകൾ സ്പേസ് എക്സ് വിക്ഷേപിക്കാൻ പോകുകയാണെന്ന് ഇലോൺ മസ്ക് എക്സിലും(മുമ്പ് ട്വിറ്റർ) കുറിച്ചു.