ശാന്തന്‍പാറയില്‍ ജനജീവിതം ദുസ്സഹമാക്കിയതിനെ തുടര്‍ന്ന് വനംവകുപ്പ് പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയ അരിക്കൊമ്പന് ഇടുക്കി അണക്കരയിലും ഫാന്‍സ് അസോസിയേഷന്. സ്വന്തം ഭൂമിയില്‍ നിന്ന് നാടുകടത്തപ്പെട്ട കാട്ടാനയ്ക്ക് പടുകൂറ്റന്‍ ഫ്ളക്സും അണക്കര ടൗണില്‍ ഇവര്‍ ഉയര്‍ത്തിക്കഴിഞ്ഞു. അണക്കരയിലെ ഓട്ടോതൊഴിലാളികളാണ് അരിക്കൊമ്പന് ഫാന്‍സ് അസോസിയേഷന് തുടങ്ങിയിരിക്കുന്നത്.
ശാന്തന്‍പാറയില്‍ നിന്നും ലക്ഷങ്ങള്‍ ചെലവിട്ട് പിടികൂടിയ കാട്ടാനയെ പെരിയാര്‍ റിസര്‍വിലേക്ക് കൊണ്ടുപോയത് അണക്കര വഴിയായിരുന്നു. ആ യാത്ര കണ്ട് ആവേശത്തിലായാണ് തങ്ങള്‍ ഫാന്‍സ് അസോസിയേഷന് തുടങ്ങിയതെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. പിടിയാനയെയും കുട്ടിയാനയെയും ഉപേക്ഷിച്ച് പോകേണ്ടി വന്ന അരിക്കൊമ്പന്റെ നിസ്സഹായ അവസ്ഥയാണ് തങ്ങളെ അവനിലേക്ക് അടുപ്പിച്ചതെന്നും ഇവര്‍ പറയുന്നു. തലയെടുപ്പുള്ള കൊമ്പന്മാര്ക്ക് ആരാധകരുണ്ടാകാറുണ്ടെങ്കിലും ഒരു കാട്ടാനയ്ക്ക് ഇത്രയധികം പേരുടെ ആരാധന ലഭിക്കുന്നത് ഇതാദ്യമായാണ്.