ലോകമെമ്പാടുമുള്ള മലയാളി നഴിസുമാരുടെ അഭിമാനം വാനോളമുയര്‍ത്തി ഒരു കാഞ്ചിയാര്‍കാരി. യുകെയിലെ ദി നാഷണല്‍ അക്യൂട്ട് പെയിന്‍ സിംപോസിയത്തിന്റെ നഴ്‌സ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുകയാണ് കട്ടപ്പന കാഞ്ചിയാര്‍ സ്വദേശിയായ ആനി കുന്നത്ത്. അക്യൂട്ട് പെയിന്‍ മാനേജ്‌മെന്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് യുകെ മിഡ്‌ചെഷയറിലെ ഈ മലയാളി നേഴ്‌സിനെ പുരസ്‌കാരം തേടിയെത്തിയത്.
രോഗികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള ദയാപൂര്‍ണമായ ഇടപെടലാണ് ആനിയെ പുരസ്‌കാര നേട്ടത്തിലേക്ക് നയിച്ചതെന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ പരിപാലന രംഗത്തെ എല്ലാ മേഖലകളിലും തന്റെ സാന്നിധ്യം എത്തിക്കാന്‍ ഈ ആതുര സേവികയ്ക്ക് സാധിച്ചിട്ടുണ്ട്. വാര്‍വിക്കില്‍ നടന്ന ചടങ്ങില്‍ ലോകപ്രശസ്ത ഡോക്ടര്‍ ഫെലിസിയ കോക്‌സില്‍ നിന്നും ആനി പുരസ്‌കാരം ഏറ്റുവാങ്ങി.
ചങ്ങനാശ്ശേരി സ്വദേശിയും എന്‍ഡോസ്‌കോപി ചാര്‍ജ് നേഴ്‌സുമായ ജയന്‍ ചാക്കോയാണ് ഭര്‍ത്താവ്. മയാന ചാക്കോ, ജോ ചാക്കോ എന്നിവരാണ് മക്കള്‍. സ്‌റ്റോക്ക് ഓണ്‍ ട്രെന്റിനടുത്തുള്ള ക്രൂവിലാണ് താമസം. ഹൈറേഞ്ചില്‍ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ആരോഗ്യ പ്രവര്‍ത്തനത്തിനായി ചേക്കേറുന്നവര്‍ക്ക് മുഴുവനുമുള്ള അംഗീകാരമായാണ് നഴസിങ് സമൂഹം ആനി കുന്നത്തിന്റെ ഈ പുരസ്‌കാര നേട്ടത്തെ കാണുന്നത്.