രാജ്യത്ത് 25 വയസ്സിന് താഴെയുള്ള 42.3% ബിരുദധാരികൾക്കും ജോലിയില്ല:സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ റിപ്പോർട്ട്

0
315

രാജ്യത്ത് 25 വയസിന് താഴെയുള്ള ബിരുദധാരികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 42 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഹയര്‍സെക്കന്‍ഡറി, സെക്കന്‍ഡറി, സെക്കന്‍ഡറി വിദ്യാഭ്യാസത്തിനും താഴെ യോഗ്യതയുള്ളവര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലില്ലായ്മയുടെ നിരക്കെടുത്താല്‍ ഇത് യഥാക്രമം 21.4%, 18.1%, 15% എന്നിങ്ങനെയാണ്. അതേസമയം 34ന് മേല്‍ പ്രായമുള്ള ബിരുദധാരികള്‍ക്കിടയില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് തൊഴിലില്ലായ്മ നിരക്ക്. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) 2021-22യിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് അസീം പ്രേംജി സര്‍വകലാശാലയാണ് “സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ 2023” റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

കോവിഡ് മഹാമാരിക്ക് ശേഷം തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിച്ചു. ഇതിൽ 60 ശതമാനം സ്ത്രീകളും സ്വയം തൊഴിൽ ചെയ്യുന്നവരാണ്. കോവിഡിന് മുമ്പ് ഇത് 50 ശതമാനമായിരുന്നു. എന്നാൽ സ്വയം തൊഴിൽ വരുമാനത്തിൽ ഇടിവുണ്ടായി. 2019 ന്റെ ആദ്യ പാദത്തിൽ ഉണ്ടായിരുന്ന വരുമാനത്തിന്റെ 85 ശതമാനമാണ് 2022 ലെ വരുമാനം.

സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും തമ്മിലുള്ള ബന്ധം ദുർബലമായെന്നും റിപ്പോർട്ടിൽ പറയുന്നു. അതിവേഗം ജിഡിപി വളർച്ച കൈവരിക്കാൻ ലക്ഷ്യമിടുന്ന നയങ്ങൾ പക്ഷേ വേഗത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്.