ഭൂട്ടാനിലേക്ക് ഇനി ട്രെയിൻ യാത്ര: 12,000 കോടിയുടെ പദ്ധതി 2026നകം

0
258

ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യാൻ വഴിയൊരുങ്ങുന്നു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് അയൽരാജ്യമായ ഭൂട്ടാനിലേക്കും റെയില്‍വേ ലൈനുകള്‍ നീട്ടുന്നത്. ഇതിൽ ഭൂട്ടാനിലേക്കുള്ള പാതയുടെ മാത്രം ചെലവ് 1000 കോടി രൂപയാണ്. അസാമിലെ അതിര്‍ത്തി പ്രദേശമായ കോക്രാജാറില്‍ നിന്ന് ഭൂട്ടാനിലെ സര്‍പാംഗിലുള്ള ഗെലേഫു വരെ നീളുന്ന റെയില്‍പ്പാത 2026നകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

ഏകദേശം 57.5 കിലോമീറ്റർ നീളമുള്ളതാണ് റെയില്‍പ്പാത. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അസം അടക്കമുള്ള വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഭൂട്ടാനും വലിയ നേട്ടമാകും. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാനും റെയിൽപ്പാത സഹായിക്കും.


2005ലാണ് ഇന്ത്യയെയും ഭൂട്ടാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയില്‍വേ സംവിധാനം വേണമെന്ന ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇത് സംബന്ധിച്ച് അന്ന് ധാരണാപത്രവും ഒപ്പുവച്ചിരുന്നു. എന്നാല്‍, പദ്ധതിക്ക് തറക്കല്ലിട്ടത് ഭൂട്ടാന്‍ പ്രധാനമന്ത്രി 2018ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ്. അടുത്തിടെയാണ് കേന്ദ്രം പദ്ധതിക്ക് പണം വകയിരുത്തിയത്. ഭൂട്ടാനിലെ മറ്റ് പ്രദേശങ്ങളിലേക്കും റെയില്‍വേ പദ്ധതി നീട്ടിയേക്കും.