നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം. ഏഴ് വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് ഒസിരിസ് റെക്സ് ശേഖരിച്ച സാമ്പിളുകൾ ഭൂമിയിൽ എത്തി. പേടകത്തിൽ സൂക്ഷിച്ചിരുന്ന സാമ്പിൾ ക്യാപ്സൂൾ അമേരിക്കയിലെ ഉട്ടാ മരുഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. നാസയുടെ വിദഗ്ധ സംഘം ക്യാപ്സൂൾ വീണ്ടെടുത്ത് പരീക്ഷണശാലയിലേക്ക് കൊണ്ടുപോയി.
250 ഗ്രാം ഭാരമുള്ള കല്ലുകളും പൊടിയും അടങ്ങിയ വസ്തുക്കളാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവില്‍ ഭൂമിയിലേക്ക് എത്തിയത്. മറ്റ് രണ്ട് ഛിന്ന ഗ്രഹങ്ങളില്‍ നിന്നായി ജപ്പാന്‍ ശേഖരിച്ചതിനേക്കാളും അധികമാണ് ഇവ. ഛിന്ന ഗ്രഹങ്ങളില്‍ നിന്ന് പദാര്‍ത്ഥങ്ങള്‍ ശേഖരിച്ച് അത് ക്യാപ്സൂളിലാക്കി സൂക്ഷിച്ച് ഭൂമിയിലേക്ക് ഇത്തരത്തില്‍ എത്തിക്കുന്നത് ഇത് ആദ്യമായാണ്. ബെന്നുവിൽ നിന്നുള്ള കല്ലും മണ്ണും പഠിക്കുന്നതിലൂടെ സൗരയൂധത്തിന്റെ ഉത്പത്തിയെക്കുറിച്ചടക്കമുള്ള നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
2016ലാണ് ഛിന്ന ഗ്രഹത്തില്‍ നിന്ന് പദാര്‍ത്ഥ ശേഖരണം ലക്ഷ്യമിട്ടുള്ള ദൗത്യം ആരംഭിച്ചത്. 2018ൽ ബെന്നുവില്‍ എത്തിയ പേടകം 2020 ഒക്ടോബർ ഇരുപതിനാണ് സാമ്പിൾ ശേഖരിച്ചത്. രണ്ട് വര്‍ഷമാണ് പദാര്‍ത്ഥ ശേഖരണത്തിനായി പേടകം ചെലവിട്ടത്. അപ്പോളോ ബഹിരാകാശ യാത്രികര്‍ ചന്ദ്രനിൽ നിന്നുള്ള പാറകളുമായി മടങ്ങിയെത്തിയതിനുശേഷം നാസ ദൗത്യം ശേഖരിച്ച ഏറ്റവും വലിയ സാമ്പിള്‍ ആണിത്.