ക്രൂഡ് വില ബാരലിന് 90 ഡോളർ കടന്നു: വിൻഡ്‌ഫാൾ ടാക്സ് വർദ്ധിപ്പിച്ച് കേന്ദ്രം

0
513

ക്രൂഡ് പെട്രോളിയത്തിന്റെ പ്രത്യേക അധിക എക്സൈസ് തീരുവ (SAED) ടണ്ണിന് 6,700 രൂപയിൽ നിന്ന് 10,000 രൂപയായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. പുതിയ നിരക്കുകൾ ശനിയാഴ്ച (സെപ്റ്റംബർ 16) മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ, ഡീസൽ കയറ്റുമതിയുടെ പ്രത്യേക അധിക എക്സൈസ് തീരുവ (ഡ്യൂട്ടി) ലിറ്ററിന് 6 രൂപയിൽ നിന്ന് 5.50 രൂപയായി കുറയും. ജെറ്റ് ഫ്യുവൽ എന്നറിയപ്പെടുന്ന ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) തീരുവ ലിറ്ററിന് 4 രൂപയിൽ നിന്ന് 3.5 രൂപയായി കുറയും. എന്നിരുന്നാലും, പെട്രോളിന്റെ പ്രത്യേക അധിക എക്സൈസ് തീരുവ പൂജ്യമായി തുടരും.


ശരാശരി എണ്ണവില അടിസ്ഥാനമാക്കിയാണ് ഓരോ രണ്ടാഴ്ച കൂടുമ്പോഴും നികുതി നിരക്കുകൾ അവലോകനം ചെയ്യുന്നത്. 2022 ജൂലൈ 1 മുതൽ അസംസ്‌കൃത എണ്ണ ഉൽപ്പാദനത്തിലും പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിലും ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക അധിക എക്സൈസ് തീരുവയിൽ നിന്നുള്ള സർക്കാരിന്റെ വരുമാനം 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 40,000 കോടി രൂപയാണ്.

പ്രത്യേക വ്യവസായങ്ങൾ അപ്രതീക്ഷിതവും ശരാശരിയേക്കാൾ ഉയർന്നതുമായ ലാഭം നേടുമ്പോൾ ഗവൺമെന്റ് ഈടാക്കുന്ന ഉയർന്ന നികുതിയാണ് പ്രത്യേക അധിക എക്സൈസ് തീരുവ അഥവാ വിൻഡ്‌ഫാൾ ടാക്സ്. ക്രൂഡ് വില ബാരലിന് 90 ഡോളർ കടന്നതോടെയാണ് എണ്ണ കമ്പനികളുടെ ഉയർന്ന ലാഭത്തിന് മേൽ സർക്കാർ വിൻഡ്‌ഫാൾ ടാക്സ് വർദ്ധിപ്പിച്ചത്. ബാരലിന് 75 ഡോളർ എന്ന പരിധിക്ക് മുകളിൽ എണ്ണ ഉൽപ്പാദകർ ഉണ്ടാക്കുന്ന അപ്രതീക്ഷിത ലാഭത്തിനാണ് സർക്കാർ നികുതി ചുമത്തുന്നത്.