‘അറ്റ്‌ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന ഒറ്റ പരസ്യ വാചകം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച വ്യവസായ പ്രമുഖന്‍. കമ്പനിയുടമകള്‍ സ്വയം പരസ്യത്തിലൂടെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനമുണ്ടക്കിയെടുക്കുക എന്ന, ഇന്ന് പലരും പ്രയോഗിക്കുന്ന മാര്‍ക്കറ്റിങ് തന്ത്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരീക്ഷിച്ച് വിജയം കണ്ട വ്യവസായി, അറ്റ്‌ലസ് രാമചന്ദ്രന്‍.
ബാങ്കിങ് മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ തുടക്കം. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദം. കനറാ ബാങ്കില്‍ ജോലി. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലേക്ക് മാറ്റം. അവിടെ ഫീല്‍ഡ് ഓഫീസറും അക്കൗണ്ടന്റും മാനേജരുമായി. നൂറിലധികം ശാഖകളുടെ സൂപ്രണ്ടായതിനു ശേഷം ബാങ്കിങ് മേഖല ഉപേക്ഷിച്ചു.
മത്തുക്കര മൂത്തേടത്ത് രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ പ്രവാസ ജീവിതമാരംഭിക്കുന്നത് 1974 ല്‍ കാമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ജോലിക്കായി കുവൈറ്റിലേക്ക് ചേക്കേറിയതോടെയാണ്. ഈ കാലത്താണ് സ്വര്‍ണവിപണയിലേക്ക് ശ്രദ്ധ തിരിയുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ക്കുള്ള വലിയ ഡിമാന്‍ഡിനെക്കുറിച്ച് തിരിച്ചറിഞ്ഞ അദ്ദേഹം കുവൈറ്റിലെ സൂഖ് അല്‍ വാത്യയില്‍ ആദ്യത്തെ അറ്റ്‌ലസ് ഷോറൂം തുറന്നു.
കുവൈറ്റിലെ സ്വര്‍ണവ്യാപാരം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് ഗള്‍ഫ് യുദ്ധം തിരിച്ചടിയാകുന്നത്. ഗള്‍ഫ് യുദ്ധത്തില്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ ബിസിനസ്സ് പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. യുഎഇയില്‍ എത്തി വീണ്ടും ബിസിനസ് ആരംഭിച്ചു. പ്രാദേശിക സ്വര്‍ണ്ണ വ്യാപാരത്തില്‍ മെഗാ ഓഫറുകള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് അറ്റ്‌ലസ് രാമചന്ദ്രനാണ്. സ്വര്‍ണ്ണക്കട്ടി മുതല്‍ ആഢംബര കാറുകള്‍ വരെ സമ്മാനമായി നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ബിസിനസ്സ് തന്ത്രത്തില്‍ അദ്ദേഹം വിജയിച്ചു. കോടിക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയതിനു ശേഷമാണ് ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകം അദ്ദേഹം അവതരിപ്പിക്കുന്നത്.
2015ഓടെ എല്ലാം തകിടംമറിഞ്ഞു. 2015 ആഗസ്റ്റില്‍ സാമ്പത്തിക ക്രമക്കേട് കേസില്‍ അദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതോടെ ബാങ്കുകള്‍ നല്‍കിയ കേസിലായിരുന്നു അറസ്റ്റ്. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രന് വിധിച്ചത്. 2018 ജൂണില്‍ പുതിയ പാഠങ്ങളും അനുഭവങ്ങളുമായി അദ്ദേഹം ജയില്‍ മോചിതനായി. കേന്ദ്ര സര്‍ക്കാരിന്റേയും പ്രവാസി സംഘടനകളുടേയും ഇടപെടലിലൂടെയായിരുന്നു ജയില്‍ മോചനം.
വായ്പകള്‍ തിരിച്ചടക്കുന്നത് മുടങ്ങിയതോടെ ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് നല്‍കിയത്. അദ്ദേഹത്തിനൊപ്പം മകള്‍ മഞ്ജുവിനും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നു.
വൈശാലി രാമചന്ദ്രന്‍
അറ്റ്‌ലസ് രാമചന്ദ്രന്‍ വളര്‍ന്നതും അറിയപ്പെട്ടതും സ്വര്‍ണവ്യാപാര മേഖലയിലാണെങ്കിലും മലയാള സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതായിരുന്നു. ചന്ദ്രകാന്ത ഫിലിംസിന്റെ ബാനറിലായിരുന്നു മലയാളത്തിന് മികച്ച സിനിമാ അനുഭവങ്ങള്‍ അദ്ദേഹം സമ്മാനിച്ചത്.
മലയാള ചലച്ചിത്ര നിര്‍മാണത്തിലും വിതരണത്തിലും അദ്ദേഹം ചുവടുറപ്പിച്ചു. എംടിയുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രം നിര്‍മിച്ചു. എംഎം രാമചന്ദ്രന്‍ ഈ ചിത്രത്തോടുകൂടി ‘വൈശാലി രാമചന്ദ്രന്‍’ എന്ന് സിനിമാ ലോകത്ത് അറിയപ്പെട്ടു.
എണ്‍പതിലേയും തൊണ്ണൂറിലേയും മികച്ച ഒരു പിടി സിനിമകള്‍ മലയാളത്തിന് സമ്മാനിക്കാന്‍ അദ്ദേഹത്തിനായി.
1991 ല്‍ വാസ്തുഹാര, ധനം, 1994ല്‍ സുകൃതം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായി. ഇന്നലെ (1990), കൗരവര്‍ (1992), വെങ്കലം (1993), ചകോരം (1994) എന്നീ ചിത്രങ്ങളുടെ വിതരണവും അദ്ദേഹമായിരുന്നു. ഈ ചിത്രങ്ങളില്‍ പലതും ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തവയാണ്.
ഇതിനിടയില്‍ 2010ല്‍ ഹോളിഡേസ് എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. പതിനാലോളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.
യൂത്ത് ഫെസ്റ്റിവല്‍, ആനന്ദഭൈരവി, അറബിക്കഥ, സുഭദ്രം, മലബാര്‍ വെഡ്ഡിങ്, ഹരിഹര്‍ നഗര്‍ 2, കയ്യൊപ്പ്, ബാല്യകാല സഖി തുടങ്ങിയവയാണ് അതില്‍ ചിലത്. അറബിക്കഥയിലേയും ഹരിഹര്‍നഗറിലേയും വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.