കേരളവുമായി വ്യാപാര കരാറുകൾ ഒപ്പുവെച്ച് ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറി:നിക്ഷേപ സാധ്യതകൾ ഏറെ

0
105

വിവിധ വ്യാപാരക്കരാറുകളിൽ ഏർപ്പെട്ട് കേരളവും ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയും. വിവിധ മേഖലയിലുള്ള നിക്ഷേപ ചർച്ചകൾക്കായി കേരള സന്ദർശനത്തിലാണ് നോർത്തേൺ ടെറിട്ടറി ഉപ മുഖ്യമന്ത്രി നിക്കോൾ മാനിസൺ നേതൃത്വം നൽകുന്ന പതിനാറംഗ പ്രതിനിധി സംഘം. കേരളത്തിന് പ്രയോജനപ്പെടുത്താവുന്ന നിക്ഷേപ അവസരങ്ങൾ നിരവധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നിക്കോൾ മാനിസൺ വിശദമാക്കി. വ്യവസായ മന്ത്രി പി. രാജീവും ആരോഗ്യ മന്ത്രി വീണ ജോർജും വിവിധ ചർച്ചകളിൽ പങ്കെടുത്തു.

കെ.എസ്.ഐ.ഡി.സി എം.ഡി ഹരി കിഷോർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവരും വിവിധ വ്യവസായ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തു. വ്യവസായ വാണിജ്യ വകുപ്പുമായി ചർച്ചകൾ നടത്തിയതിന്റെ വെളിച്ചത്തിൽ പല പദ്ധതികളുടെയും കരാറുകളിലും സംഘം ഒപ്പുവച്ചു.

മൊത്തം 2,50,000 ജനസംഖ്യയുള്ള നോർത്തേൺ ടെറിട്ടറിയിലെ ആരോഗ്യ സംരക്ഷണ മേഖലയിലെ അവസരങ്ങളെക്കുറിച്ച് വിശദീകരിച്ച മാനിസൺ, ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന വിദഗ്ധർ സംസ്ഥാനത്തുണ്ടെന്ന് പറഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ ശക്തി പരിശീലനം, വ്യാപാരം, ആരോഗ്യം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണ സാധ്യതയുണ്ടാകും. ഈ മേഖലകളിലുള്ള കേരളത്തിന്റെ വൈദഗ്ധ്യം എടുത്തു പറയേണ്ടതാണെന്നും അതിൽ നിന്നും ഏറെ പഠിക്കാനുണ്ടെന്നും ഓസ്ട്രേലിയൻ സംഘം വ്യക്തമാക്കി.