നിയമങ്ങൾ കടുപ്പിക്കും:കുടിയേറ്റക്കാരെ കുറയ്ക്കാനൊരുങ്ങി ഓസ്ട്രേലിയ

0
145

കുടിയേറ്റക്കാരെ കുറയ്ക്കാൻ കർശന ചട്ടങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഓസ്ട്രേലിയ. രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് ജനസംഖ്യ കൂടാനും പണപ്പെരുപ്പം വർധിക്കാനും വഴിയൊരുക്കിയതോടെ ഓസ്ട്രേലിയൻ സർക്കാർ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് അടുത്തയാഴ്‌ചയോടെ പുതിയ ചട്ടങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കിയത്.

2023 ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഓസ്ട്രേലിയയിലെ ജനസംഖ്യയിൽ 2.5 ശതമാനം വർധനയാണ് ഉണ്ടായത്. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. ഓസ്ട്രേലിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കൈകാര്യം ചെയ്യാനാകുന്ന തലത്തിലേക്ക് കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. കുടിയേറ്റ നിരക്ക് കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദഗ്ദ്ധ്യമുള്ളവർക്ക് മാത്രം വിസ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമുണ്ടാകും.

വിദേശ വിദ്യാർത്ഥികളുടെ വരവ് നിയന്ത്രിക്കാൻ ഓസ്ട്രേലിയ കഴിഞ്ഞ ഓഗസ്റ്റിൽ കർശന നിബന്ധനകൾ കൊണ്ടുവന്നിരുന്നു. വിദ്യാഭ്യാസത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളും വ്യാജ വിസകളും കുറയ്ക്കുകയായിരുന്നു മുഖ്യലക്ഷ്യം.