പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളത്തിലെ വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതി കേന്ദ്ര സർക്കാർ തന്നെ അവതരിപ്പിച്ചു. മൂന്നു ദിവസo നടന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി ശ്രീ. വി.പി. ജോയ്, അഡി. ചീഫ് സെക്രട്ടറി ശ്രീ. കെ.ആർ. ജ്യോതിലാൽ, വ്യവസായ വകുപ്പു സെക്രട്ടറി ശ്രീ. സുമൻ ബില്ല, ആരോഗ്യ കുടുംബക്ഷേമ വകുപ്പു സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവരാണ് പങ്കെടുത്തത്.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ട പദ്ധതിയാണിത്.
കഴിഞ്ഞ മാർച്ച് 30 ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് സംരംഭക വർഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഏപ്രിലിൽ തുടക്കം കുറിച്ച പദ്ധതി നവംബർ ആയപ്പോൾ തന്നെ ലക്ഷ്യം പൂർത്തിയാക്കി. ഒരു വർഷം കൊണ്ട് നോടാൻ ഉദ്ദേശിച്ചത് 8 മാസം കൊണ്ട് നേടി. പല മാനങ്ങൾ കൊണ്ട് ഇത് ഇന്ത്യയിൽ തന്നെ പുതു ചരിത്രമാണ്. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കി നൽകിയ പശ്ചാത്തല സൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി ഈ പദ്ധതി സൃഷ്ടിച്ച റെക്കോഡുകൾ നിരവധിയുണ്ട്. ഇപ്പോൾ ലഭിച്ച ദേശീയാംഗീകാരം ഇത്തരം പ്രത്യേകതകൾക്കാണ്. ഒരു വർഷം പൂർത്തിയാകുന്നതിനു മുമ്പു തന്നെ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ച പദ്ധതി സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിൻ്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിക്കപ്പെട്ടതെന്നത് ദേശീയ വിലയിരുത്തലിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. ലക്ഷ്യം പൂർത്തിയാക്കിയ ദിവസത്തെ കണക്കനുസരിച്ച് 1,01,353 സംരംഭങ്ങൾ ആരംഭിച്ചു. പദ്ധതിയിലൂടെ കേരളത്തിൽ 6282 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 2,20,500 പേർക്ക് ഈ സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചു.
പദ്ധതി പ്രകാരമുള്ള പുതിയ കണക്ക് പ്രകാരം ഇതുവരെ 7261.54 കോടിയുടെ നിക്ഷേപങ്ങളാണ് ഉണ്ടായിരിക്കുന്നത്. 118509 സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ടതിലൂടെ 2,56,140 തൊഴിലുകൾ സൃഷ്ടിക്കാനായി.