രാജ്യത്ത് പുതിയ മുൻനിര ജോലികൾ കുറയുന്നു: 2023 സാമ്പത്തിക വർഷത്തിൽ 17.5% കുറവ്

0
261

സാമ്പത്തിക അനിശ്ചിതത്വം ചില മേഖലകളിലെ മനുഷ്യവിഭവശേഷിയുടെ ആവശ്യകതയെ ബാധിച്ചതോടെ 2022-23ൽ സൃഷ്ടിക്കപ്പെട്ട മുൻനിര ജോലികളുടെ എണ്ണം 17.5% കുറഞ്ഞു. ഫ്രണ്ട്‌ലൈൻ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ബെറ്റർപ്ലേസാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. സെയിൽസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകൾ, കോൾ സെന്റർ തൊഴിലാളികൾ, ഡെലിവറി തൊഴിലാളികൾ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവുകൾ, ഹൗസ് കീപ്പിംഗ് തുടങ്ങി ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കേണ്ട ഏകദേശം 6.60 മില്യൺ ഫ്രണ്ട്‌ലൈൻ ജോലികളാണ് കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് സൃഷ്ടിച്ചത്. 2022 സാമ്പത്തിക വർഷത്തിൽ ഇത് എട്ട് ദശലക്ഷമായിരുന്നു.

ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, മൊബിലിറ്റി എന്നിവയിൽ ഉൾപ്പെടുന്ന മുൻനിര ജോലികൾ ബാഹ്യ സാമ്പത്തിക പരിതസ്ഥിതികളുടെ അളവുകോലാണ്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തിന്റെ ഗ്രാമീണ ഉപഭോഗ ആവശ്യകത പൂർവസ്ഥിതി വീണ്ടെടുക്കാത്ത സാഹചര്യത്തിലാണ് തൊഴിലവസരങ്ങൾ കുറയുന്നത്. യുഎസ് മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ഐടി സേവന വ്യവസായത്തെയും സ്വാധീനിക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ വൈറ്റ് കോളർ ജീവനക്കാരുടെ ഉപഭോഗത്തെ വിപരീതമായി ബാധിക്കുന്നുണ്ട്. അതേസമയം ഈ കാലയളവിൽ തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം ഇരട്ടിയായി. 2022 നും 2023 നും ഇടയിൽ സ്ത്രീകളുടെ പങ്കാളിത്ത അനുപാതം 3 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് വർദ്ധിച്ചത്.

ലോജിസ്റ്റിക്‌സ്, മൊബിലിറ്റി മേഖലയെ പിന്തള്ളി 2023 സാമ്പത്തിക വർഷത്തിൽ മുൻനിര തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ നല്കിയത് ഇ-കൊമേഴ്‌സ് മേഖലയാണ്. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ ബെറ്റർപ്ലേസ് ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് അനുസരിച്ച്, ഇ-കൊമേഴ്‌സ് മേഖല സൃഷ്ടിച്ച മൊത്തം ഡിമാൻഡ് 2022 നും 2023 നും ഇടയിൽ 111 ശതമാനത്തിലധികം വർദ്ധിച്ചു.