കേരളത്തിലെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെൽത്ത് മാനേജ്മെന്റിനെ ഏറ്റെടുക്കാൻ അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയർ (ക്യു.സി.ഐ.എൽ). കിംസിന് 3,300 കോടി രൂപ മൂല്യം (400 മില്യൺ ഡോളർ) കണക്കാക്കി കരാർ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. ബ്ലാക്ക്സ്റ്റോണിന്റെയും ടി.പി.ജി ഗ്രോത്തിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കെയർ ഹോസ്പിറ്റൽ ശൃംഖലയുടെ പ്രവർത്തന മേൽനോട്ടം നിർവഹിക്കുന്ന പ്ലാറ്റ്ഫോമാണ് ക്യു.സി.ഐ.എൽ.
കിംസിനെ സ്വന്തമാക്കുന്നതോടെ 3,800 കിടക്കകളുമായി അപ്പോളോ ഹോസ്പിറ്റൽ, മണിപ്പാൽ ഹെൽത്ത്, ഫോർട്ടിസ് ഹെൽത്ത്കെയർ എന്നിവയ്ക്ക് പിന്നാലെ രാജ്യത്തെ നാലാമത്തെ വലിയ ഹോസ്പിറ്റൽ ശൃംഖലയായി ക്യു.സി.ഐ.എൽ മാറും. ക്യു.സി.ഐ.എല്ലിൽ ബ്ലാക്ക് സ്റ്റോണിന് 73 ശതമാനവും ടി.പി.ജിക്ക് 25 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
കിംസിൽ 80-85 ശതമാനം ഓഹരികളാണ് ക്യു.സി.ഐ.എൽ ഏറ്റെടുക്കുന്നത്. ബാക്കി 15-20 ശതമാനം ഓഹരികൾ പ്രമോട്ടറായ ഡോ. എം.ഐ സഹദുള്ളയുടെ കൈവശമാകും. ഹോസ്പിറ്റലിന്റെ പ്രവർത്തന മേൽനോട്ടം ഡോ. സഹദുള്ളയ്ക്ക് തന്നെയായിരിക്കും. 2002ൽ ഡോ.സഹദുള്ളയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ചതാണ് കിംസ് ഹോസ്പിറ്റൽ. നിലവിൽ തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലായി കിംസിന് മൊത്തം 1,378 ബെഡുകളുണ്ട്.