വിപണിയില്‍ ബോട്ടില്‍ഡ് വാട്ടര്‍ കമ്പനികള്‍ ധാരാളമുണ്ട്. എന്നാല്‍, കേരളത്തിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി വ്യത്യസ്തമാകുന്നത് അവരുടെ കുപ്പിവെള്ളത്തിന്റെ രുചിയും ഔഷധഗുണവും കൊണ്ടാണ്. ദാഹമകറ്റുന്നതിനൊപ്പം ശരീരത്തിന് ഊര്‍ജം പകരുക കൂടിയാണ് മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അപര്‍മ ബിവ്റേജസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ ഉത്പന്നങ്ങള്‍.
സാധാരണ ഒരു കുപ്പിവെള്ള കമ്പനി തുടങ്ങുന്നതിന് പകരം, കൃഷ്ണ തുളസിയും കരിഞ്ചീരകവുമെല്ലാം ചേര്‍ത്ത് ഔഷധഗുണവും സുഗന്ധവും രുചിയും ഉള്ള വെള്ളം വിപണിയില്‍ എത്തിച്ച് തങ്ങളുടെ സംരംഭത്തെ വേറിട്ടതാക്കുകയാണ് അപര്‍മ ബിവ്റേജസ്. 2019ലാണ് കമ്പനി രൂപിതമായത്. അന്താരാഷ്ട്ര ഗുണനിലവാര പരിശോധനയുടെ ഒമ്പത് ഘട്ടങ്ങള്‍ക്ക് ശേഷമാണ് ഐഎസ്ഒ സര്‍ട്ടിഫൈഡ് ഉത്പന്നം പുറത്ത് വരുന്നത്. പിഎച്ച് ലെവലുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും ഉത്പന്നങ്ങള്‍ വിധേയമാക്കുന്നതായി കമ്പനി എംഡി അഹമ്മദ് ഷബീര്‍അലി പറഞ്ഞു.
കാല്‍ഷ്യം, മഗ്നീഷ്യം, പൊട്ടാഷ്യം, സിങ്ക്, നെല്ലിക്ക നീര് എന്നിവയടങ്ങുന്ന നൂട്രിയന്റ് ജലവും കമ്പനി ഉത്പാദിപ്പിക്കുന്നു. കൂടാതെ, ഫ്ളേവേര്‍ഡ് വാട്ടറുകളും പുറത്തിറക്കുന്നുണ്ട്. ഓറഞ്ച്, പീച്ച്, കുക്കുമ്പര്‍, ബ്ലൂബെറി, ലെമണ്‍, മിന്റ്, സ്ട്രോബെറി, വാട്ടര്‍മെലണ്‍ എന്നീ ഫ്ളേവറുകളിലുള്ള വെള്ളമാണ് ലഭ്യമാക്കുന്നത്.
സോഡിയം, പൊട്ടാഷ്യം, ക്ലോറൈഡ് എന്നിവയടങ്ങിയ സ്പോര്‍ട്സ് വാട്ടറും ഇവരുടെ മറ്റൊരു പ്രത്യേക ഉത്പന്നമാണ്. വ്യത്യസ്ത ആശയം വഴി ചുരുങ്ങിയ കാലം കൊണ്ട് വിപണി പിടിക്കാന്‍ അപര്‍മ ബിവ്റേജസിന് സാധിച്ചു.