ആഗോള വിപണിയിൽ യുദ്ധ ഭീതി:ക്രൂഡ് ഓയിൽ വില ഉയരുന്നു

0
152

ആഗോള വിപണിയിൽ എണ്ണവില ഉയരുന്നു. ഇസ്രായേലിലെയും ഗാസയിലെയും സ്ഥിതിഗതികൾ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഉത്പ്പാദനത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കയെത്തുടർന്ന് എണ്ണവിലയിൽ 4% വർദ്ധനവ് ഉണ്ടായി. യുഎസ് എണ്ണയുടെ മാനദണ്ഡമായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ബാരലിന് 86 ഡോളറിലധികം (£70) ആയി ഉയർന്നു. ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ ബ്രെന്റ് ക്രൂഡ് വിലയും ഉയർന്നു.

ഇസ്രായേലും പലസ്തീൻ പ്രദേശങ്ങളും എണ്ണ ഉത്പാദകരല്ല. എന്നാൽ ആഗോള വിതരണത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് നടക്കുന്നത് മിഡിൽ ഈസ്റ്റേൺ മേഖലയിലൂടെയാണ്. ഹമാസ് ആക്രമണങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഇറാനെ സംഘർഷം ബാധിച്ചാൽ, ആഗോള എണ്ണ വിതരണത്തിന്റെ 3% വരെ അപകടത്തിലാകും. സുപ്രധാന എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാൽ ആഗോള വിതരണത്തിന്റെ അഞ്ചിലൊന്ന് സ്തംഭിക്കും.

പാശ്ചാത്യ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. അതേസമയം ആക്രമണത്തെ ഇറാൻ നേരിട്ട് പിന്തുണയ്ക്കുന്നുണ്ടെന്ന് ഹമാസ് വക്താവ് പറഞ്ഞു. ഞായറാഴ്ച ന്യൂയോർക്കിൽ നടന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ആക്രമണത്തെ പിന്തുണച്ചു. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന്, കുതിച്ചുയർന്ന എണ്ണവില കഴിഞ്ഞ വർഷം ജൂണിൽ ബാരലിന് 120 ഡോളറിലധികം എത്തിയിരുന്നു. യുദ്ധഗതി ആകും വരും ദിവസങ്ങളിൽ വിപണിയെ നയിക്കുക.