പെട്രോൾ, ഡീസൽ കയറ്റുമതി നിരോധിച്ച് റഷ്യ:ആഗോള വിപണിയിൽ വിലവർദ്ധന

0
728

രാജ്യത്തെ ദൗർലഭ്യം പരിഹരിക്കാനും വില നിയന്ത്രിക്കാനുമായി പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതി നിരോധിച്ച് റഷ്യ. ആഭ്യന്തര വിപണി സുസ്ഥിരമാക്കുന്നതിനുളള റഷ്യയുടെ തീരുമാനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വിലയും ഉയർന്നു. ഇതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 94 ഡോളർ കടന്നു. യൂറോപ്പിലുൾപ്പെടെ പെട്രോൾ, ഡീസൽ വിലകളും ഉയർന്നു.

യൂറോപ്പിൽ ഡീസൽ വില 5 ശതമാനം ഉയർന്ന് ടണ്ണിന് 1,000 ഡോളറിൽ കൂടുതലായി. യൂറേഷ്യൻ ഇക്കണോമിക് യൂണിയനിൽപ്പെടുന്ന രാജ്യങ്ങൾക്കൊഴികെ ഇന്ധനം നൽകേണ്ടെന്നാണ് റഷ്യയുടെ തീരുമാനം. ബെലാറൂസ്, കസക്കിസ്ഥാൻ, അർമേനിയ, കിർഗിസ്ഥാൻ എന്നിവയാണ് യൂണിയനിലുള്ളത്.

കഴിഞ്ഞ മാസങ്ങളിൽ റഷ്യയിൽ പെട്രോളിനും ഡീസലിനും ക്ഷാമം നേരിട്ടിരുന്നു. ഔദ്യോഗിക പണപ്പെരുപ്പത്തിന് അനുസൃതമായി ഇന്ധന വില നിയന്ത്രിക്കാൻ ചില്ലറ വില പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും മൊത്ത ഇന്ധന വില കുതിച്ചുയർന്നു. വ്യാപാരികളുടെയും ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും കണക്കുകൾ പ്രകാരം, സെപ്റ്റംബറിലെ ആദ്യ 20 ദിവസങ്ങളിൽ റഷ്യയുടെ കടൽ വഴിയുള്ള ഡീസൽ, ഗ്യാസോയിൽ കയറ്റുമതി ഏകദേശം 30% കുറഞ്ഞ് 1.7 ദശലക്ഷം മെട്രിക് ടൺ ആയി.