രാജ്യമെമ്പാടുമുള്ള ഓഫീസുകൾ ഒഴിഞ്ഞ് എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. ബംഗളൂരുവിലെ നോളജ് പാർക്കിലുള്ള ആസ്ഥാനം മാത്രമാകും നിലനിർത്തുക. എല്ലാ ജീവനക്കാരോടും വീട്ടിലിരുന്നു ജോലി ചെയ്യാനും (വർക്ക് ഫ്രം ഹോം) ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 300ഓളം ബൈജൂസ് ട്യൂഷൻ സെൻ്ററുകളാണ് രാജ്യത്തുണ്ടായിരുന്നത്.
സാമ്പത്തിക ആവശ്യങ്ങൾക്ക് പണം ഉറപ്പാക്കാനാണ് ഈ തീരുമാനം. കഴിഞ്ഞ മാസം നിലവിലെ നിക്ഷേപകരിൽ നിന്ന് അവകാശ ഓഹരി വിൽപ്പന വഴി 20 കോടി ഡോളർ ബൈജൂസ് സമാഹരിച്ചിരുന്നെങ്കിലും നിക്ഷേപകർ എൻ.സി.എൽ.ടിയെ സമീപിച്ച് ആ തുക വിനിയോഗിക്കുന്നതിൽ നിന്ന് ബൈജൂസിനെ വിലക്കിയിരുന്നു. ഇതോടെ ദൈനംദിന ചെലവുകൾക്കും ശമ്പളം നൽകാനും പോലും കഴിയാത്ത അവസ്ഥയിലേക്ക് സ്ഥാപനം എത്തി.
ബൈജൂസിന്റെ്റെ ഇന്ത്യയിലെ സി.ഇ.ഒ ആയ അർജുൻ മോഹൻ നടപ്പാക്കി വരുന്ന പുനഃസംഘടനാ പദ്ധതിയുടെ ഭാഗമാണ് ഓഫീസുകൾ ഒഴിയുന്നത്. നിലവിൽ ബൈജൂസിന് ഇന്ത്യയിൽ 14,000 ജീവനക്കാരാണുള്ളത്. ഇവർക്ക് ഫെബ്രുവരിയിലെ ശമ്പളം കൊടുക്കാൻ മറ്റ് മാർഗങ്ങളിൽ നിന്നാണ് പണം സമാഹരിച്ചത്. ഇനിയും പലർക്കും ശമ്പളം മുഴുവനായും നൽകിയിട്ടില്ല. അവകാശ ഓഹരി വിൽപ്പന വഴി സമാഹരിച്ച പണം വിനിയോഗിക്കാൻ എൻ.സി.എൽ.ടി അനുമതി നൽകുന്ന മുറയ്ക്ക് കുടിശിക വീട്ടുമെന്ന് ജീവനക്കാർക്കയച്ച കുറിപ്പിൽ ബൈജൂസ് വ്യക്തമാക്കിയിരുന്നു.