2021-22 വർഷത്തെ പ്രവർത്തനഫലം പുറത്തുവിട്ട് ബൈജൂസ്. 19 മാസങ്ങൾ നീണ്ട സമ്മർദ്ദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിലാണ് വിദ്യാഭ്യാസ ടെക്നോളജി സ്ഥാപനമായ ബൈജൂസ് പ്രവർത്തനഫലം പുറത്തുവിട്ടത്.
നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷമുള്ള ലാഭം (EBITDA) കുറേക്കാലമായി നെഗറ്റീവാണ്. അതായത് പ്രവർത്തന നഷ്ടമാണ് ബൈജൂസിനുള്ളത്. ഇത് 2020-21ലെ 2,406 കോടി രൂപയിൽ നിന്ന് 2021-22ൽ 6.36 ശതമാനം താഴ്ന്ന് 2,253 കോടി രൂപയായെന്ന് ബൈജൂസ് അറിയിച്ചു.
അതേസമയം 2021-22ലെ വരുമാനം 2.3 മടങ്ങ് ഉയർന്ന് 3,569 കോടി രൂപയായി. ബൈജൂസിന്റെ മുഖ്യ പ്രവർത്തനത്തിലെ കണക്കുകൾ മാത്രമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 2021-22ലെ അറ്റ നഷ്ടം ബൈജൂസ് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.