സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിലവിലുള്ള ഓഹരി ഉടമകളിൽ നിന്ന് അവകാശ ഓഹരികൾ വഴി 1,663 കോടി രൂപ (20 കോടി ഡോളർ) സമാഹരിക്കാനൊരുങ്ങി പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡ് ഇതിന് അനുമതി നൽകി. ജനുവരി 29 മുതൽ 30 ദിവസമാണ് ഇതിനായി കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ താത്പര്യമുള്ള ഓഹരിയുടമകൾക്ക് പുതിയ ഓഹരികൾ സ്വന്തമാക്കാം.
നിലവിലുള്ള ഓഹരിയുടമകൾക്ക് നിശ്ചിത വിലയിൽ അധികമായി ഓഹരികൾ വാങ്ങാനുള്ള അവസരം നൽകി മൂലധനം സമാഹരിക്കുന്ന മാർഗമാണ് റൈറ്റ്സ് ഇഷ്യു അഥവാ അവകാശ ഓഹരി വിൽപ്പന. ഓഹരിയുടമകളുടെ കൈവശം നിലവിലുള്ള ഓഹരിയുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് പുതിയ ഓഹരികൾ അനുവദിക്കുക. അവകാശ ഓഹരികളിറക്കുന്നത് സംബന്ധിച്ച് ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ ഓഹരിയുടമകൾക്ക് കത്തയച്ചു.
കമ്പനിയുടെ മൂലധന ചെലവുകൾക്കും മറ്റു സാമ്പത്തിക ആവശ്യങ്ങൾക്കുമാകും പണം ചെലവഴിക്കുകയെന്ന് ബൈജൂസ് വ്യക്തമാക്കി. അവസാനം നിക്ഷേപകരിൽ നിന്ന് പണം സമാഹരിക്കുമ്പോൾ 2200 കോടി ഡോളറായിരുന്നു ബൈജൂസിന്റെ മൂല്യം കണക്കാക്കിയിരുന്നത്. പുതിയ ഫണ്ട് സമാഹരണത്തിന് ശേഷം ഇത് വെറും 22.5 കോടി ഡോളറായിരിക്കും. മൂല്യത്തിൽ 99 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.