ഒരു കോടി വീട്ടുകാർക്ക് മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന പ്രധാനമന്ത്രി സൂര്യ ഘര് മുഫ്ത് ബിജ്ലി യോജനയ്ക്ക് 75,021 കോടി രൂപ അനുവദിച്ച് കേന്ദ്രം. പദ്ധതിയുടെ കീഴിൽ ഒരു കോടി വീടുകളിൽ റൂഫ്ടോപ്പ് സോളാർ സ്ഥാപിക്കും. 2024 ഫെബ്രുവരി 13ന് ആരംഭിച്ച പദ്ധതി പ്രകാരം 1 കിലോവാട്ട് സിസ്റ്റത്തിന് 30,000 രൂപ സബ്സിഡിയും 2 കിലോവാട്ട് സിസ്റ്റങ്ങൾക്ക് 60,000 രൂപ സബ്സിഡിയും 3 കിലോവാട്ട് അല്ലെങ്കിൽ അതിന് മുകളിലുള്ള സിസ്റ്റങ്ങൾക്ക് 78,000 രൂപ സബ്സിഡിയും കേന്ദ്ര ധനസഹായം നൽകും. ദേശീയ പോർട്ടൽ വഴി കുടുംബങ്ങൾക്ക് സബ്സിഡിക്ക് അപേക്ഷിക്കാനും റൂഫ്ടോപ്പ് സോളാർ സ്ഥാപിക്കുന്നതിന് അനുയോജ്യമായ വെണ്ടറെ തിരഞ്ഞെടുക്കാനും സാധിക്കും.
https://pmsuryaghar.gov.in എന്ന വെബ്സൈറ്റ് വഴി പദ്ധതിക്കായി അപേക്ഷിക്കാം. വെബ്സൈറ്റിലെ റൂഫ്ടോപ്പ് സോളാർ അപേക്ഷയിൽ ക്ലിക് ചെയ്ത് സംസ്ഥാനം, വൈദ്യുതി വിതരണ കമ്പനി, വൈദ്യുതി ഉപഭോക്തൃ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ തുടങ്ങിയ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഇവിടെ റൂഫ്ടോപ്പ് സോളാർ പദ്ധതിക്കായി അപേക്ഷിക്കാം. അപേക്ഷയിൽ ബാങ്ക് വിശദാംശങ്ങളും സമർപ്പിക്കണം.
സാധ്യതാ അനുമതി ലഭിച്ചാൽ വൈദ്യുതി വിതരണ കമ്പനിയിലെ ഏതെങ്കിലും രജിസ്റ്റർ ചെയ്ത വെണ്ടർമാരിൽ നിന്ന് പ്ലാൻ്റ് ഇൻസ്റ്റാൾ ചെയ്യണം. ഇൻസ്റ്റാലേഷൻ പൂർത്തിയാകുമ്പോൾ പ്ലാൻ്റ് വിശദാംശങ്ങൾ സമർപ്പിച്ച് നെറ്റ് മീറ്ററിനായി അപേക്ഷിക്കണം. നെറ്റ് മീറ്റർ സ്ഥാപിക്കലും വൈദ്യുതി വിതരണ കമ്പനിയുടെ പരിശോധനയും കഴിഞ്ഞാൽ കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് പോർട്ടലിൽ ലഭിക്കും. റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും റദ്ദാക്കിയ ചെക്കും പോർട്ടൽ വഴി സമർപ്പിക്കുക. 30 ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിൽ സബ്സിഡി ലഭിക്കും.
ഇൻസ്റ്റാളേഷനായി നിലവിൽ 7 ശതമാനത്തോളം ഈടില്ലാത്ത കുറഞ്ഞ പലിശയിൽ വായ്പകൾ ലഭ്യമാണ്. ഗ്രാമപ്രദേശങ്ങളിൽ റൂഫ്ടോപ്പ് സോളാർ നടപ്പാക്കുന്നതിന് മാതൃകയായി പ്രവർത്തിക്കാൻ ഓരോ ജില്ലയിലും മോഡൽ സോളാർ വില്ലേജ് വികസിപ്പിക്കും. താഴേത്തട്ടിൽ പദ്ധതി ജനകീയമാക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും പഞ്ചായത്തുകളുമായും സഹകരിക്കും.