ഐടി വ്യവസായത്തില്‍ കുതിക്കാന്‍ കോഴിക്കോടും

0
124

ഉത്തരകേരളത്തില്‍ ഐടി വ്യവസായത്തിനുണ്ടാകുന്ന വളര്‍ച്ച അതിവേഗത്തിലാക്കുന്നതിനായി കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 184 കോടി രൂപയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനുള്ള അനുമതി ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ലഭ്യമായതോടെ പദ്ധതി അതിവേഗം നടപ്പിലാക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. നിര്‍മ്മാണത്തിനാവശ്യമായ തുകയില്‍ 100 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കും. പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ (കെ.എസ്.ഐ.ടി.ഐ.എല്‍) നിയോഗിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരളത്തിലെ ഐടി/ഐടി അധിഷ്ഠിത വ്യവസായങ്ങളുടെ സമഗ്ര വികസനത്തിന് വഴിതെളിക്കുന്ന വടക്കന്‍ കേരളത്തിലെ പ്രമുഖ കേന്ദ്രമാണ് കോഴിക്കോട് സൈബര്‍പാര്‍ക്ക്. മൂന്ന് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ പാര്‍ക്കില്‍ ഇപ്പോള്‍ തന്നെ അറുപതോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് എന്നിവയ്ക്ക് ശേഷം കേരളത്തിലാരംഭിച്ച മൂന്നാമത്തെ ഐ.ടി പാര്‍ക്കായ കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ വികസനം ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കാനും രാജ്യത്തിന്റെ ഐ.ടി ഹബ്ബാകാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് വേഗം പകരാനും സഹായകമാകും.