കൊറോണയെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ എക്‌സ്പ്രസ് എന്‍ട്രി ചട്ടങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കാനഡ സര്‍ക്കാര്‍. പുതുക്കിയ ചട്ടങ്ങള്‍ 2023ല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കടക്കം കാനഡയിലേക്കുള്ള അവസരങ്ങള്‍ വര്‍ധിക്കും.
നിര്‍ദ്ദിഷ്ട തൊഴില്‍ പരിചയവും വിദ്യാഭ്യാസവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിര താമസത്തിന് (ITA) അപേക്ഷിക്കാനുള്ള ക്ഷണങ്ങള്‍ നല്‍കാനും കാനഡ പദ്ധതിയിടുന്നുണ്ട്. കൊറോണാനന്തരം വന്‍തോതിലാണ് കാനഡയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയില്‍. 5.7 ശതമാനമാണ് നിലവിലെ തൊഴില്‍ ഒഴിവുകളുടെ നിരക്കെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതാണ് എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാമുകളടക്കമുള്ള ഇമിഗ്രേഷന്‍ സാധ്യതകള്‍ ഉയര്‍ത്താന്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 2022 വരെയുള്ള കണക്കുകള്‍ പ്രകാരം കൊറോണയ്ക്ക് മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ 70 ശതമാനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റീസണ്‍ഷിപ്പ് കാനഡ, ഉടന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ക്ഷണം അയച്ചു തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.