ജനുവരി മുതൽ ഫീസ് കുത്തനെ കൂട്ടാൻ കാനഡ. അടുത്ത വർഷം മുതൽ കാനഡയിൽ പഠിക്കാനാഗ്രഹിക്കുന്നവർ ജീവിതച്ചെലവിനായി 20,635 കനേഡിയൻ ഡോളർ (12,66,476 രൂപ) അക്കൗണ്ടിൽ കാണിക്കേണ്ടിവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇത് 10,000 ഡോളറായിരുന്നു (ഏകദേശം 6.13 ലക്ഷം രൂപ). ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവർഷം ഈ തുകയിൽ പരിധി നിശ്ചയിക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി. ട്യൂഷൻഫീസിനും യാത്രാച്ചെലവിനും പുറമേയാണിത്.
കനേഡിയൻ തദ്ദേശ വിദ്യാർത്ഥികളേക്കാൾ അഞ്ചിരട്ടി അധികമാണ് വിദേശ വിദ്യാർത്ഥികളുടെ പഠന ഫീസ്. കാനഡയുടെ കണക്കനുസരിച്ച് ബിരുദ പ്രോഗ്രാമുകൾക്ക് കനേഡിയൻ ബിരുദധാരികൾക്ക് ചെലവാകുന്നത് ഏകദേശം 5 ലക്ഷം (6,834 കനേഡിയൻ ഡോളർ) രൂപയാണ്. വിദേശ വിദ്യാർത്ഥികൾക്ക് ചെലവാകുന്നത് ശരാശരി 23 ലക്ഷം (36,123 കനേഡിയൻ ഡോളർ) രൂപയും.
വിദേശ വിദ്യാർത്ഥി വിസകളുടെ എണ്ണം നിയന്ത്രിക്കാനും കാനഡ ലക്ഷ്യമിടുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെയും താമസസൗകര്യത്തിന്റയും ഗുണനിലവാരം മെച്ചപ്പെടുത്താനാകാത്ത സഹചര്യം കണക്കിലെടുത്താണ് ഈ നീക്കമെന്നാണ് സൂചന. എന്നാൽ ഇത് കാനഡയിലെ കോളേജുകൾക്കും സർവ്വകലാശാലകൾക്കും വലിയ തിരിച്ചടിയായേക്കും. കഴിഞ്ഞ പത്ത് വർഷത്തിനിടെ കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായാണ് വർധിച്ചത്. 2022ൽ കാനഡയിലെത്തിയ വിദേശവിദ്യാർഥികളിൽ കൂടുതൽ ഇന്ത്യയിൽ നിന്നുള്ളവരാണ്.