ഏലം വില ഉയര്‍ന്നതോടെ ഹൈറേഞ്ചിലെ കര്‍ഷകര്‍ വീണ്ടും പ്രതീക്ഷയില്‍.
മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായി ശരാശരി വില കിലോഗ്രാമിന് 1710 രൂപയിലെത്തി. കൂടിയ വില 2647 രൂപയും കുറഞ്ഞ വില 1450 രൂപയുമാണ്.
പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ വെള്ളിയാഴ്ച നടന്ന സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനിയുടെ ഓണ്‍ലൈന്‍ ലേലത്തില്‍ ആകെ 81718.1 കിലോഗ്രാം ഏലക്ക ലേലത്തിന് പതിച്ചതില്‍ 76883.4 കിലോഗ്രാം വിറ്റുപോയപ്പോള്‍ കൂടിയ വില കിലോഗ്രാമിന് 2647 രൂപയും ശരാശരി വില കിലോഗ്രാമിന് 1710.67 രൂപയും കര്‍ഷകര്‍ക്ക് ലഭിച്ചു.
ആഭ്യന്തര മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് ഉയര്‍ന്നതും ഓഫ് സീസണായതിനാല്‍ ഉല്‍പാദനം തീരെയില്ലാത്തതും വില വർധനവിന് കാരണമാണ്.
ഒരാഴ്ചയായി വില ഉയരുകയാണ്. കച്ചവടക്കാരുടെയും കര്‍ഷകരുടെയും പക്കല്‍ കാര്യമായ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ അടുത്ത ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് സൂചന. ഏതാനും വര്‍ഷങ്ങളായി 1000 രൂപക്ക് താഴെയാണ് വില ലഭിച്ചിരുന്നത്. 1500 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷി നഷ്ടമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയൂ.