സൗജന്യ റേഷൻ പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രം

0
101

കേന്ദ്രത്തിന്റെ സൗജന്യ റേഷൻ പദ്ധതി 5 വർഷത്തേയ്ക്ക് കൂടി നീട്ടാൻ തീരുമാനം. 80 കോടിയിലധികം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് ഇതിനായി ചെലവ് വരിക. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പദ്ധതിയുടെ കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. 2020ൽ കോവിഡ് കാലത്താണ് പി.എം.ജി.കെ.എ.വൈ പദ്ധതി ആരംഭിച്ചത്.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിലവിൽ റേഷൻ കാർഡിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ കിലോയ്ക്ക് 1-3 രൂപ നിരക്കിൽ സർക്കാർ നൽകുന്നുണ്ട്. അന്ത്യോദയ അന്നയോജനയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം ലഭിക്കും.

2013 ജൂലൈയിലാണ് കേന്ദ്രം ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അവതരിപ്പിച്ചത്. ജനസംഖ്യയുടെ 67 ശതമാനത്തോളം പേർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതാണ് നിയമം. ഒരു കിലോ അരിക്ക് മൂന്ന് രൂപയും ഗോതമ്പിന് രണ്ട് രൂപയുമാണ് നിരക്ക്.