ചൈനീസ് കാർ നിർമ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യയുടെയും ബീജിംഗ് ആസ്ഥാനമായുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെയും സാമ്പത്തിക തിരിമറി ആരോപണങ്ങളിൽ അന്വേഷണത്തിന് കേന്ദ്രസർക്കാർ. സാമ്പത്തിക രേഖകളിൽ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2022ലെ കേസിലെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (RoC) കണ്ടെത്തലുകളെ തുടർന്നാണ് എം.ജി മോട്ടോറിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതെന്നാണ് റിപ്പോർട്ട്.
ഓഡിറ്റ് ക്രമക്കേടുകളിൽ വ്യക്തത നൽകാൻ നവംബറിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം രജിസ്ട്രാർ ഓഫ് കമ്പനികൾ മുഖേന കമ്പനിയുടെ ഡയറക്ടർമാരെയും ഓഡിറ്റർ ഡെലോയിറ്റിനെയും വിളിച്ചുവരുത്തിയിരുന്നു. സംശയാസ്പദമായ ഇടപാടുകൾ, നികുതി വെട്ടിപ്പ്, ബില്ലിംഗിലെ പൊരുത്തക്കേടുകൾ, മറ്റ് ക്രമക്കേടുകൾ എന്നിവ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതായാണ് സൂചന.
കള്ളപ്പണം വെളുപ്പിച്ചതായി ആരോപണമുള്ള വിവോയ്ക്കെതിരെയും ഇ.ഡി പ്രത്യേകം അന്വേഷണം നടത്തിയേക്കും. വിവോയുമായി ബന്ധപ്പെട്ട 2022ലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു ചൈനീസ് പൗരൻ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.