ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. രണ്ട് അക്കൗണ്ടുകള്‍ തമ്മില്‍ ഓണ്‍ലൈന്‍ ഇടപാട് നടക്കുന്നത് ആദ്യമായിട്ടാണെങ്കില്‍, ആ തുക 2000 രൂപയ്ക്ക് മുകളിലാണെങ്കില്‍ പണം ട്രാന്‍സ്ഫറാകാന്‍ നാല് മണിക്കൂര്‍ സമയ പരിധി നിശ്ചയിക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രാബല്യത്തിലായാല്‍ ഐഎംപിഎസ്, ആർടിജിഎസ്, യുപിഐ തുടങ്ങിയ ഓണ്‍ലൈന്‍ പെയ്മെന്‍റുകള്‍ക്കാണ് ഇത് ബാധകമാവുക.
സൈബര്‍ തട്ടിപ്പ് തടയുകയാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം. പണം ട്രാന്‍സ്ഫറാകാന്‍ നാല് മണിക്കൂര്‍ എടുത്താൽ പണമയച്ചത് പിന്‍വലിക്കാനോ മാറ്റം വരുത്താനോ സാവകാശം കിട്ടും. ചെറുകിട കച്ചവടക്കാരെയും മറ്റും പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് 2000 രൂപയില്‍ കൂടുതലുള്ള പണമിടപാട് എന്ന നിബന്ധന കൊണ്ടുവരുന്നത്. അതേസമയം ഇതുവരെ ഇടപാട് നടത്തിയിട്ടുള്ള അക്കൌണ്ടുകളുമായി ഇനിയും ഈ നിയന്ത്രണമില്ലാതെ ഇടപാട് നടത്താം.
റിസര്‍വ് ബാങ്കിന്‍റെ വാർഷിക റിപ്പോർട്ട് പ്രകാരം 2022-23 സാമ്പത്തിക വർഷത്തിലാണ് ഡിജിറ്റൽ പേയ്‌മെന്റ് വഴി ഏറ്റവും കൂടുതൽ തട്ടിപ്പുകള്‍ നടന്നത്. ബാങ്കിംഗ് സംവിധാനത്തിലാകെ 13,530 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 30,252 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതില്‍ 49 ശതമാനം (6,659 കേസുകൾ) ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പാണ്. ഈ പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ പെയ്മെന്‍റ് മേഖലയില്‍ പുതിയ നിയന്ത്രണം കൊണ്ടുവരാനുളള കേന്ദ്ര നീക്കം.