‘പിഎം വിശ്വകർമ’ പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് അവരുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎം വിശ്വകർമ്മ പദ്ധതി. ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്‍ഡ് എക്സ്പോ സെന്ററിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. വിശ്വകർമ പദ്ധതിക്കായി കേന്ദ്രസർക്കാർ 13,000 കോടി രൂപ ചെലവഴിക്കുമെന്നും കലാകാരന്മാർക്കും കരകൗശല വിദഗ്ധര്‍ക്കും ഇത് പുതിയ പ്രതീക്ഷയാണെന്നും പ്രധാനമന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞു.
സ്വര്‍ണ്ണപ്പണിക്കാര്‍, ഇരുമ്പ് പണിക്കാര്, കല്‍പ്പണിക്കാര്‍ തുടങ്ങി പതിനെട്ട് പരമ്പരാഗത തൊഴിലുകളെ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തും. രാജ്യത്തുടനീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ ചെറുകിട കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും സാമ്പത്തിക സഹായം, നൈപുണ്യ പരിശീലനം, നൈപുണ്യ നവീകരണം, വിപണന സഹായം എന്നിവ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി ഇവരുടെ ക്ഷേമം വർദ്ധിപ്പിക്കുകയും ഇന്ത്യയുടെ സംസ്കാരം, പാരമ്പര്യം, കരകൗശലത എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പിഎം വിശ്വകർമ സ്കീമിന് കീഴിൽ, സർക്കാർ മൂന്ന് ലക്ഷം രൂപ വരെ വായ്പ നൽകും. തുടക്കത്തിൽ ഒരു ലക്ഷം രൂപയുടെ വായ്പയും പിന്നീട് രണ്ട് ലക്ഷം രൂപ അധിക വായ്പയും നൽകാനാണ് സർക്കാർ തീരുമാനം. അഞ്ച് ശതമാനം നിരക്കിലാണ് വായ്പ നൽകുക. വിശ്വകർമ്മ സ്കീമിന്റെ ഗുണഭോക്താക്കൾക്ക് 15,000 രൂപയുടെ ടൂൾകിറ്റ് ഇൻസെന്റീവിനും അർഹതയുണ്ട്.
കരകൗശല തൊഴിലാളികളുടെയും കരകൗശല വിദഗ്ധരുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം അവരുണ്ടാക്കുന്ന ഉൽപന്നങ്ങളെ ആഭ്യന്തരവും ആഗോളവുമായ മൂല്യ ശൃംഖലകളുമായി സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കുക കൂടിയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചടങ്ങിൽ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന സർക്കാരിന്റെ കാഴ്ചപ്പാട് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഗണേശ ചതുർത്ഥി, ധന്തേരസ്, ദീപാവലി എന്നിവയുൾപ്പെടെ വരാനിരിക്കുന്ന ഉത്സവങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.