നഗരങ്ങളില്‍ താമസിക്കുന്ന കുറഞ്ഞ വരുമാനമുള്ളവർക്ക് വീട് വയ്ക്കാന്‍ 60,000 കോടി രൂപയുടെ സബ്‌സിഡി പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം. അടുത്ത അഞ്ച് വർഷത്തേക്ക് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി രണ്ട് മാസത്തിനുള്ളില്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങളില്‍ വാടക വീടുകളിലും ചേരികളിലും കോളനികളിലും കഴിയുന്ന കുടുംബങ്ങള്‍ക്കായി ചെറു ഭവനങ്ങൾ നിർമിക്കാൻ പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന് ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല.
നിർദിഷ്ട പദ്ധതി പ്രകാരം ഒമ്പത് ലക്ഷം രൂപ വരെയുള്ള ചെറു ഭവന വായ്പകള്‍ക്ക് മൂന്ന് മുതല്‍ 6.5 ശതമാനം വരെ വാര്‍ഷിക പലിശ സബ്‌സിഡി ലഭിക്കും. 50 ലക്ഷം രൂപയില്‍ താഴെയുള്ള 20 വര്‍ഷം കാലാവധി വരുന്ന വായ്പകളും പദ്ധതിയിൽ ഉൾപ്പെടുത്തും. 2028 വരെയായിരിക്കും പദ്ധതി ലഭ്യമാകുക. കാബിനറ്റ് അനുമതി ലഭിച്ചാലുടന്‍ പദ്ധതി പ്രഖ്യാപിക്കും.
ഈ വര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും 2024 പകുതിയോടെ നടക്കുന്ന പൊതു തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ മാസം കേന്ദ്രം ഗാർഹിക പാചക വാതക വില 18% കുറച്ചിരുന്നു.