സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി 19,370 കോടി കടമെടുക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. ചീഫ് സെക്രട്ടറി വി.വേണുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം ന്യൂഡൽഹിയിൽ നടത്തിയ യോഗത്തിലാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ഇതോടെ കേരളം വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. കപിൽ സിബലാണ് കേരളത്തിനായി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. ചർച്ചയിലെ തീരുമാനം സംസ്ഥാനം കോടതിയെ അറിയിക്കും.
കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചതുപ്രകാരം 13,608 കോടി രൂപയ്ക്ക് വായ്‌പാ അനുമതി നൽകും. എന്നാൽ സംസ്ഥാനം അധികമായി ആവശ്യപ്പെട്ട തുകയ്ക്ക് അനുമതി നൽകില്ല. കേന്ദ്രവുമായി ചർച്ച ചെയ്‌ത് കൂടുതൽ തുകയിൽ സമാവായത്തിലെത്താനായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. എന്നാൽ സംസ്ഥാനത്തിൻ്റെ ആവശ്യം പരിശോധിച്ച കേന്ദ്രം അനുകൂലമായി പ്രതികരിച്ചില്ല.
കേന്ദ്രം ആവശ്യം തള്ളിയതോടെ സംസ്ഥാന സർക്കാർ സാമ്പത്തിക വർഷാവസാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിലവിൽ അനുമതി നൽകിയിട്ടുള്ള 13,608 കോടി രൂപ പേലും സമയബന്ധിതമായി കടമെടുക്കാനാകുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഈ മാസം 12, 19, 26 തീയതികളിലാണ് ഇനി റിസർവ് ബാങ്ക് വഴി കടമെടുക്കാൻ കഴിയുക. അതിനു മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ലെങ്കിൽ കേരളത്തിൻ്റെ അവസ്ഥ രൂക്ഷമാകും. സാമ്പത്തിക വർഷാവസാനമായതിനാൽ ട്രഷറിയിൽ കൂട്ടത്തോടെ ബില്ലുകൾ എത്തുന്നതും ധനവകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്.