ചെറുകിട കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കുന്നതിന് ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം കിസാൻ യോജന) പദ്ധതിയിലെ സഹായത്തുക കൂട്ടാനൊരുങ്ങി കേന്ദ്രംസർക്കാർ. നിലവിലെ 6,000 രൂപയിൽ നിന്ന് 7,500 രൂപയായി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പദ്ധതിക്ക് നടപ്പുവർഷത്തേക്കായി (2023-24) വിലയിരുത്തിയ തുക നിലവിലെ 60,000 കോടി രൂപയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയാക്കിയേക്കുമെന്നും സൂചനയുണ്ട്.
2018 ഡിസംബർ ഒന്നിന് അവതരിപ്പിച്ച പി.എം കിസാൻ പദ്ധതിയിലൂടെ പ്രതിവർഷം 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപ വീതമാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നത്. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട-ഇടത്തരം കർഷകർക്കാണ് സഹായത്തിന് അർഹതയുള്ളത്.
ഹോളി ആഘോഷക്കാലത്തിന് മുമ്പായി കർഷകരുടെ അക്കൗണ്ടിലേക്ക് പുതുക്കിയ തുക ലഭ്യമാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നാണ് റിപ്പോർട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കർഷകരുടെ പിന്തുണ ഉറപ്പാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. അനർഹർ പി.എം കിസാനിലെ പണം തട്ടിയെടുക്കുന്നതായി കണ്ടെത്തിയതോടെ സൂക്ഷ്‌മ പരിശോധനകളിലൂടെ അർഹർക്ക് മാത്രം പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളും കേന്ദ്രം സ്വീകരിച്ചിരുന്നു.