‘ഭാരത് ബ്രാൻഡിൽ’ അരി വിപണിയിലെത്തിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടുകയാണ് ലക്ഷ്യം. നിലവിൽ ഈ ബ്രാൻഡിൽ ആട്ടയും പയർവർഗങ്ങളും വിപണിയിൽ ലഭ്യമാണ്. ഇവയ്ക്ക് പുറമെയാണ് ഇപ്പോൾ അരിയും വിപണിയിൽ എത്തിക്കുന്നത്. കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലാണ് പൊതുവിപണിയിൽ അരി വില.
ഭാരത് ബ്രാൻഡിൽ അരി കിലോയ്ക്ക് 25 രൂപ നിരക്കിൽ ലഭ്യമാക്കാനാണ് കേന്ദ്ര നീക്കം. നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (NCCF), കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ എന്നിവ വഴിയാകും അരി വിതരണം.
നവംബർ മാസത്തിൽ ധാന്യങ്ങളുടെ പണപ്പെരുപ്പം 10.27 ശതമാനമായി ഉയർന്നിരുന്നു. ഇതോടെ ഭക്ഷ്യവിലപ്പെരുപ്പം ഒക്ടോബറിലെ 6.61 ശതമാനത്തിൽ നിന്ന് 8.70 ശതമാനമായി വർധിച്ചു. ഭക്ഷ്യവിലപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായാണ് അരിയെയും ഭാരത് ബ്രാൻഡിൽ ഉൾപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞനിരക്കിൽ നിലനിറുത്തേണ്ടത് കേന്ദ്രത്തിന് നിർണായകമാണ്.