‘ജെം’ കുതിക്കുന്നു:രണ്ടുലക്ഷം കോടി കടന്ന് കേന്ദ്രത്തിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ കച്ചവടം

0
149

കേന്ദ്ര സർക്കാരിന്റെ ഇ-മാർക്കറ്റിംഗ് പ്ലാറ്റ്ഫോമായ ജെം (Government e-Marketplace) വഴിയുള്ള മൊത്ത വ്യാപാര മൂല്യം 2 ലക്ഷം കോടി രൂപയിലെത്തി. 850 കോടി രൂപയ്ക്ക് മുകളിലാണ് നടപ്പ് സാമ്പത്തിക വർഷത്തിലെ പ്രതിദിന വ്യാപാര മൂല്യം.
സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള 25,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ജെം വഴിയാണ് നടക്കുന്നത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇടപാടുകളുടെ 83 ശതമാനവും സംഭാവന ചെയ്യുന്നത്. ബാക്കി 17 ശതമാനം സംസ്ഥാന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും. ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, മധ്യപ്രദേശ്, ജമ്മു കാശ്മീർ, ഒഡിഷ, ബീഹാർ, ഉത്തരാഖണ്ഡ് എന്നിവയാണ് വ്യാപാരത്തിൽ മുഖ്യ പങ്ക് വഹിച്ചത്. സേവന മേഖലയുടെ സംഭാവന മുൻ സാമ്പത്തിക വർഷത്തെ 23 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർന്നു.


1.8 കോടിയിലധികം ഇടപാടുകളാണ് ജെം വഴി ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള ജെമ്മിന്റെ മൊത്തം വ്യാപാര മൂല്യം 5.93 ലക്ഷം കോടി കടന്നു. 312 സേവനങ്ങളും 11,800 ഉത്പന്നങ്ങളുമാണ് പ്ലാറ്റ്ഫോം വഴി വ്യാപാരം നടത്തുന്നത്. ഓർഡർ വാല്യുവിന്റെ 49 ശതമാനത്തിലധികം ചെറുകിട – ഇടത്തരം സംരംഭങ്ങളിൽ നിന്നാണ്. 22 ഓളം കമ്മോഡിറ്റികളിൽ 10 എണ്ണത്തിനും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് 9.5 ശതമാനത്തിലധികം വിലക്കുറവുണ്ട് ജെം പ്ലാറ്റ്ഫോമിൽ.